അമ്പലപ്പുഴ: കേരളത്തിന് തന്നെ ആരോഗ്യ സുരക്ഷക്ക് മാതൃകയായി മാറുകയായിരുന്നു പുറക്കാട് കുടുംബാരോഗ്യ കേന്ദ്രം. ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് പുറക്കാട് കുടുംബാരോഗ്യ കേന്ദ്രം മാതൃകയാവുന്നത്. പ്രമേഹവും രക്തസമ്മർദവും പോലുള്ള രോഗങ്ങള നിയന്ത്രണ വിധേയമാക്കിയതിന് ചികിത്സ തേടിയെത്തിയവർക്ക് അടിപൊളി സമ്മാനങ്ങളുമാണ് പുറക്കാട് കുടുംബാരോഗ്യ കേന്ദ്രം സമ്മാനിച്ചത്.
70 വയസുകാരി ഗോമതിക്ക് പുതുവൽസര ദിനത്തിൽ ആശുപത്രിയിൽ നിന്നു ഒന്നാം സമ്മാനമായി കിട്ടിയത് സ്വർണ ബിസ്ക്കറ്റാണ്. രണ്ടാം സമ്മാനമായ സ്വർണനാണയം കിട്ടിയത് രാജേന്ദ്രൻ ആണ്. മൂന്നാം സമ്മാനമായ വെള്ളി ബിസ്ക്കറ്റിന് ലക്ഷ്മിക്കുട്ടി എന്നിവരാണ് അർഹരായത്. ഈ പുതുവർഷത്തിൽ പത്തരമാറ്റ് ആരോഗ്യം എന്ന പേരിലാണ് നറുക്കെടുപ്പിലൂടെ വില പിടിപ്പുള്ള ഈ സമ്മാനങ്ങൾ നൽകിയത്. മരണത്തിന് തന്നെ കാരണമാകുന്ന അപകടകാരികളായ പ്രമേഹവും രക്തസമ്മർദവും ഏറ്റവും ഉയർന്ന തോതിലുള്ള ആയിരത്തിലധികം ആളുകൾ ഈ ആശുപത്രിക്ക് കീഴിലുണ്ടായിരുന്നു. കൃത്യമായ ചികിത്സയിലൂടെ ഇത്തരക്കാരുടെ എണ്ണം ഗണ്യമായി കുറക്കാൻ കഴിഞ്ഞുവെന്നതാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേട്ടം.
കഴിഞ്ഞ 3 മാസത്തിനിടെ തുടർച്ചയായി ചികിത്സ നടത്തുകയും മരുന്ന് കൃത്യമായി കഴിക്കുകയും ചെയ്തതിലൂടെ 178 പേർക്ക് പ്രമേഹവും രക്ത സമ്മർദവും 140 ന് താഴെയെത്തിക്കാൻ കഴിഞ്ഞു. ഈ അസുഖങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞ 178 പേരിൽ നിന്ന് 3 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്താണ് പത്തരമാറ്റ് സമ്മാനങ്ങൾ നൽകിയത്. ആറാം വാർഡിൽ ഓച്ചിറ പറമ്പ് വീട്ടിൽ ഗോമതി (70)ക്കാണ് ഒന്നാം സമ്മാനമായ സ്വർണ ബിസ്ക്കറ്റ് ലഭിച്ചത്. പതിനാറാം വാർഡ് കൊച്ചു കളത്തിൽ രാജേന്ദ്ര (64) ന് രണ്ടാം സമ്മാനമായി സ്വർണ നാണയവും 18-ാം വാർഡ് ലക്ഷ്മിക്കുട്ടി (70) ക്ക് മൂന്നാം സമ്മാനമായി വെളളി നാണയവും നൽകി. ജീവിത ശൈലി രോഗ നിയന്ത്രണത്തിന് മറ്റുള്ളവർക്ക് പ്രോത്സാഹനമെന്ന നിലക്കാണ് ഇത്തരം സമ്മാനങ്ങൾ നൽകിയതെന്ന് മെഡിക്കൽ ഓഫീസർ ഡോ: ഷിബു സുകുമാരൻ പറയുന്നത്.
ഇവിടെ നിന്ന് ജീവിത ശൈലി രോഗം നിയന്ത്രിക്കുന്നവർക്ക് എല്ലാ മാസവും ഗൃഹോപകരണങ്ങൾ സമ്മാനമായി നൽകിയിരുന്നു. ഇതു കൂടാതെയാണ് ഈ പുതുവത്സര ദിനത്തിൽ മെഗാ സമ്മാനങ്ങൾ നൽകിയത്. ഒന്നാം സമ്മാനം സംഭാവന ചെയ്തത് മെഡിക്കൽ ഓഫീസർമാരായ ഡോ: ഷിബു സുകുമാരനും ഡോ: ഹരിശങ്കറും ചേർന്നാണ്. രണ്ടാം സമ്മാനം സംഭാവനയായി നൽകിയത് 18 ജീവനക്കാരും മൂന്നാം സമ്മാനം നൽകിയത് 13 ആശാ പ്രവർത്തകരുമാണ്. നേരത്തെ മികച്ച പ്രവർത്തനത്തിന്റെ അംഗീകാരമായി കായ കൽപ്പ പുരസ്കാരവും പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എസ് ജിനുരാജ് സമ്മാനദാനം നിർവഹിച്ചു.
content highlight : health-center-become-model-to-control-life-style-diseases