പ്രകൃതി ഭംഗിയാലും പ്രൗഢമായ ചരിത്രത്താലും അറിയപ്പെടുന്ന കിഴക്കന്‍ സിക്കിമിന്റെ ഭാഗമാണ് അരിതാര്‍. പ്രശാന്തമായ തടാകങ്ങള്‍, നിബിഡ വനങ്ങള്‍, നെല്‍വയലുകള്‍, മലനിരകള്‍ എന്നിവയാല്‍ മനോഹരമായ അരിതാര്‍ പ്രകൃതി സ്‌നേഹികളുടെ പറുദീസയാണ്. ഈ സ്ഥലത്തിന്റെ പ്രഭാത ദൃശ്യം അവിസ്‌മരണീയമാണ്. ഹിമാലയത്തിന്റെ അരികിലാണ് അരിതാര്‍ സ്ഥിതിചെയ്യുന്നത്. ഗാങ്‌ടോക്കില്‍ നിന്നും പാക്യോങ് വഴിയോ റാങ്‌പോ വഴിയോ നാല് മണിക്കൂര്‍ യാത്രചെയ്‌താല്‍ അരിതാറില്‍ എത്തിച്ചേരും. സിക്കിമിലെ റോങ്‌ലി ഉപ വിഭാഗത്തിലാണ് അരിതാര്‍ ഉള്‍പ്പെടുന്നത്. സിക്കിമിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണിത്. കാഞ്ചന്‍ജംഗ കൊടുമുടിയുമാണ് അരിതാര്‍ അതിര്‍ത്തി പങ്കിടുന്നത്.
1904 ലെ ഇന്‍ഡോ-ടിബറ്റ് വ്യാപാര ഉടമ്പടിയ്‌ക്ക് ശേഷമാണ് അരിതാറിന്റെ പ്രാധാന്യം ഉയരുന്നത്. ബ്രിട്ടീഷുകാര്‍ സിക്കിമില്‍ പുതിയ റോഡുകള്‍ പണിതത് ടിബറ്റുകാര്‍ക്കിടയില്‍ സംശയം വളര്‍ത്തുകയും ഇത് യുദ്ധത്തിന് കാരണമാവുകയും ചെയ്‌തു. തുടര്‍ന്ന് ജലിപ്ല ചുരത്തിനടുത്തുള്ള സിക്കിമിലെ ലിങ്‌ടു ടിബറ്റുകാര്‍ കൈയ്യേറി. ഇതിന് ശേഷം ടിബറ്റിലെ ലോഡ് യങ്‌ഹസ്‌ബന്‍ഡ് ഒരു സമാധാന ഉടമ്പടി കൊണ്ടുവന്നു. ടിബറ്റില്‍ ബ്രിട്ടീഷുകാരുടെ വ്യാപാര അവകാശം ഉറപ്പു വരുത്തുന്നതായിരുന്നു ഇത്. ഡാര്‍ജിലിങ്ങില്‍ സ്ഥിതി ചെയ്യുന്ന കലിനോങ് ,പെഡോങ് എന്നിവിടങ്ങളില്‍ നിന്നും തുടങ്ങുന്ന പാത നാതുല ചുരം വഴി റിനോക്,അരിതാര്‍,ജലൂക് എന്നിവടങ്ങളിലേക്കെത്തുന്നതാണ്. ആകാലയളവില്‍ ഗാങ്‌ടോക്കിനേക്കാള്‍ വാണിജ്യപരമായി പ്രാധാന്യമുണ്ടായരുന്ന സ്ഥലം അരിതാര്‍ ആയിരുന്നു.
എല്ലാ വര്‍ഷവും ഏപ്രില്‍ അവസാനത്തോടെയോ മെയ് ആദ്യത്തോടെയോ അരിതാറില്‍ ലാമ്പോഖാരി വിനോദസഞ്ചാര മേള സംഘടിപ്പിക്കാറുണ്ട്. സാഹസിക കായിക വിനോദങ്ങള്‍ നിറഞ്ഞ ഈ മേള സാഹസികരെ ഏറെ ആകര്‍ഷിക്കുന്നു. ഇവിടെ ബോട്ടിങ്, കുതിര സവാരി, പരമ്പരാഗത അമ്പെയ്‌ത്ത് മത്സരം, മലമുകളിലേയ്‌ക്കും ,വ്യൂപോയിന്റുകളിലേയ്‌ക്കുമുള്ള ട്രക്കിങ് എന്നിവയില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടാനുള്ള അവസരമുണ്ട്. സാഹസകിത ഇഷ്‌ടപ്പെടുന്നവര്‍ക്കായി പാരാഗ്ലൈഡിങ്ങും പാറ കയറ്റവും ഉണ്ട്. അരിതാറിന്റെ തനത് സംസ്‌കാരവും പരമ്പരാഗത ഭക്ഷണവും ഇവിടേയ്‌ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
പ്രാദേശിക വിഭവങ്ങള്‍ക്ക് പുറമെ തീയില്‍ പൊരിച്ച ഉണക്ക ഇറച്ചിയും ബീയറും ഉത്സവകാലത്ത് സന്ദര്‍ശകര്‍ക്ക് നല്‍കാറുണ്ട്. ലാമ്പോഖാരി തടാകം ആണ് അരിതാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം. അരിതാര്‍ ഗംമ്പ, മാന്‍ഖിം, ലൗ ദാര എന്നിവയ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും അനുയോജ്യമായ സ്ഥലമാണ് അരിതാര്‍. മലകയറ്റം, ബോട്ട് സവാരി എന്നിവയ്‌ക്കും ഈ സ്ഥലം തിരഞ്ഞെടുക്കാം. ഓര്‍ക്കിഡ് കാടുകള്‍, വന്‍ മരങ്ങള്‍, മലകള്‍ എന്നിവയാലും മനോഹരമാണ് അരിതാര്‍.
STORY HIGHLIGHTS: Enjoy the beauty of East Sikkim; Let’s take a trip to Aritar