മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സ് സമ്മാനിച്ചിരുന്നത്. മഞ്ഞുമ്മല്‍ ബോയ്സിലൂടെ ഇന്ത്യ മുഴുവനും അറിയപ്പെട്ട സംവിധായകന്‍ ചിദംബരം തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സംവിധായകന്റെ അടുത്ത ചിത്രത്തെ കുറിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും ഇതുവരെയും ചിദംബരത്തിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. ഇപ്പോഴിതാ വരാനിരിക്കുന്നത് ഏത് ഗണത്തില്‍ പെടുന്ന ചിത്രം ആയിരിക്കുമെന്ന് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലൂടെ ഇതേക്കുറിച്ച് അറിയിച്ചിരിക്കുകയാണ് ചിദംബരം.
ഹിന്ദിയില്‍ ചെയ്യാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചിദംബരത്തിന്‍റെ മറുപടി ഇങ്ങനെ- ഡെവലപ്‍മെന്‍റ് ഘട്ടത്തിലാണ് ഈ ചിത്രം. താരനിര്‍ണയമൊക്കെ നടക്കുന്നതേയുള്ളൂ. മുംബൈ പശ്ചാത്തലമാക്കുന്ന ഒരു കഥ തന്നെയാണ്. ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമ പോലത്തെ പരിപാടിയാണ്. ഫാന്‍റം ആണ് നിര്‍മ്മിക്കുന്നത്. ഞാന്‍ തന്നെയാണ് എഴുതുന്നത്. ഹിന്ദിയില്‍ ഒരു സംഭാഷണ രചയിതാവ് ഉണ്ട്, ചിത്രത്തെക്കുറിച്ച് തല്‍ക്കാലം ഇത്രമാത്രമേ പറയാനുള്ളൂവെന്നും ചിദംബരം പറഞ്ഞു.
നിര്‍മ്മാതാക്കള്‍ തന്നെയാണ് ചിദംബരം ബോളിവുഡില്‍ അരങ്ങേറുന്ന വിവരം കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. അനന്യമായ വീക്ഷണവും കഥപറയല്‍ ശേഷിയും കൊണ്ട് തെന്നിന്ത്യയില്‍ ഇതിനകം മുദ്ര പതിപ്പിച്ച ചിദംബരത്തിനൊപ്പം, അദ്ദേഹത്തിന്‍റെ ഹിന്ദി സിനിമാ അരങ്ങേറ്റത്തില്‍ കൂടെച്ചേരാന്‍ ഏറെ ആവേശമുണ്ടെന്ന് ഫാന്‍റം സ്റ്റുഡിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
STORY HIGHLIGHT: director chidambaram about his new film