അജിത്ത് നായകനായി പൊങ്കല്‍ റിലീസിന് ഒരുങ്ങിയ വിടാമുയര്‍ച്ചിയുടെ റിലീസ് മാറ്റിയതായി അറിയിച്ച് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. പുതുവത്സരാശംസകള്‍ നേര്‍ന്നതിന് ഒപ്പമാണ് ചിത്രത്തിന്റെ റിലീസ് മാറ്റുന്ന വിവരവും നിര്‍മാതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
പ്രഖ്യാപനത്തിന് ശേഷം പലപ്പോഴും ചിത്രത്തെ കുറിച്ച് അപ്‌ഡേറ്റുകളൊന്നും വരാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ പിന്നീട് വിടാമുയര്‍ച്ചിയുടെ പോസ്റ്ററുകളും ടീസറും അടുത്തിടെ ഗാനവും പുറത്തുവരികയും ട്രെന്‍ഡിങ്ങില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. 2023 ജനുവരിയില്‍ റിലീസായ തുണിവ് ആണ് അജിത്തിന്റേതായി തിയേറ്ററുകളിലെത്തിയ അവസാന ചിത്രം. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയായിരുന്നു വിടാമുയര്‍ച്ചിയുടെ റിലീസിനായി ആരാധകർക്ക് ഉണ്ടായിരുന്നത്.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിര്‍മാതാക്കള്‍ റിലീസ് മാറ്റുകയാണെന്ന് അറിയിച്ചതോടെ നിരവധി പേരാണ് പോസ്റ്റിന് താഴെ നിരാശ പങ്കുവെച്ചിരിക്കുന്നത്. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാല്‍ റിലീസ് മാറ്റിവെക്കുകയാണ് എന്ന് മാത്രമാണ് ലൈക്ക അറിയിച്ചിരിക്കുന്നത്.
STORY HIGHLIGHT: vidaamuyarchi release postponed