Travel

സഞ്ചാരികളെ കാത്ത് അണിഞ്ഞൊരുങ്ങി നിൽക്കുന്നവൾ ഭദ്ര! | bhadra-tourist-place

ഭദ്ര വന്യജീവി സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം

കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭദ്ര. ഭദ്ര വന്യജീവി സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. മുത്തോടി ഫോറസ്റ്റ്, താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നീ വനപ്രദേശങ്ങളടങ്ങിയതാണ് ഭദ്ര വന്യജീവി സങ്കേതം. പശ്ചിമഘട്ടനിരകളില്‍ സ്ഥിതി ചെയ്യുന്ന ഭദ്ര വന്യജീവി സങ്കേതം ടൈഗര്‍ പ്രൊട്ടക്ഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കടുവ സംരക്ഷണ മേഖലയാണ്. ജാഗര വാലി ഗെയിം റിസര്‍വ് പ്രദേശത്ത് 1958 ലാണ് ഭദ്ര വന്യജീവി സങ്കേതം ആരംഭിച്ചത്. ആദ്യം വന്യജീവി സങ്കേതമായിരുന്ന പ്രദേശത്തിന് ഭദ്ര വന്യജീവി സങ്കേതമെന്ന് പേരുനല്‍കുകയും ഇതിലുള്‍പ്പെടുന്ന പ്രദേശത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയുമായിരുന്നു. 492 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു ഭദ്ര വന്യജീവിസങ്കേതം. ചിക്കമഗളൂരില്‍ നിന്നും 38 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്നും 282 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്.

നാനാജാതി പക്ഷി മൃഗാദികളുടെ ആവാസകേന്ദ്രമാണ് ഭദ്ര വന്യജീവി സങ്കേതം. വിവിധതരം സസ്യവര്‍ഗ്ഗങ്ങളും മരങ്ങളും ഇവിടെ കാണാം. തേക്ക്, വീട്ടി, പ്ലാവ്, മുള എന്നിങ്ങനെ 120 ലധികം മരങ്ങള്‍ ഇവിടെയുണ്ട്. പുളളിപ്പുലി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും വിവിധതരം മാനുകളെയും ആനകളെയും ഇവിടെ കാണാന്‍ സാധിക്കും. കീരി, കാട്ടുപൂച്ച, നീര്‍നായ എന്നിവയും ഇവിടെ സുലഭമാണ്.1998ലാണ് ഭദ്ര വന്യജീവി സങ്കേതം ടൈഗര്‍ പ്രൊട്ടക്ഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി കടുവ സംരക്ഷണകേന്ദ്രമാക്കി പ്രഖ്യാപിച്ചത്. തത്ത, മൈന, പ്രാവ്, കുളക്കോഴി, മാടപ്രാവ്, കാട, മരംകൊത്തി എന്നിങ്ങനെ 250 ലധികും പക്ഷികളും ഇവിടെയുണ്ട്. മുതലകളും രാജവെമ്പാലയടക്കമുള്ള പാമ്പുവര്‍ഗ്ഗങ്ങളും ഇവിടെ സുലഭമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും കേന്ദ്രമാണ് ഭദ്ര വന്യജീവി സങ്കേതം.

ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്ര വന്യജീവി സങ്കേതം. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന നേച്ചര്‍ ക്യാംപില്‍ പങ്കെടുക്കാനും സഞ്ചാരികള്‍ക്ക് ഇവിടെ അവസരം ലഭിക്കും. രാത്രിതാമസക്കാര്‍ക്ക് ടെന്റ് കെട്ടാനുള്ള സാധനസാമഗ്രികളും ഇവിടെ ലഭ്യമാണ്. ട്രക്കിംഗിനും പക്ഷിനീരീക്ഷണത്തിനും റോക്ക് ക്ലൈംബിംഗിനും ബോട്ടിംഗിനും ഇവിടെ സാധ്യതകളുണ്ട്. ഭദ്ര നദിയുടെ ഉറവിടം കൂടിയാണ് ഈ ഫോറസ്റ്റ്.ഭദ്ര റിസര്‍വ്വോയര്‍, ഗംഗെഗിരി, മുല്ലയനഗിരി, ബാബാ ബുദാന്‍ ഗിരി തുടങ്ങിയവയാണ് ഭദ്ര വന്യജീവി സങ്കേതത്തിന് സമീപത്തെ ആകര്‍ഷകമായ കാഴ്ചകള്‍.

STORY HIGHLIGHTS:  bhadra-tourist-place