Kerala

ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റു ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ശ്വാസകോശത്തിന്റെ ആരോഗ്യ സ്ഥിതിയിലും നേരിയ പുരോഗതി. സ്വയം ശ്വാസമെടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇടവിട്ടാണു വെന്റിലേറ്റർ സഹായം നൽകുന്നത്. സ്വയം ശ്വാസമെടുക്കാൻ പൂർണ പ്രാപ്തയാകുന്നതുവരെ വെന്റിലേറ്റർ സഹായം തുടരുമെന്നു റിനൈ മെ‍ഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. ക‍ൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.

തലച്ചോറിനേറ്റ പരുക്കിൽ കാര്യമായ ആശങ്കയില്ല. വാരിയെല്ലുകൾ ഒടിഞ്ഞതിനാൽ കടുത്ത വേദനയുണ്ട്. ഇതിനു വേദന സംഹാരി പാച്ചുകൾ ഉപയോഗിക്കുന്നുണ്ട്. രക്തസ്രാവം നിയന്ത്രിക്കേണ്ടതിനാൽ ഹൃദ്രോഗത്തിനു നേരത്തേ കഴിച്ചിരുന്ന ‘എക്കോസ്പിരിൻ’ ഇപ്പോൾ നൽകുന്നില്ല. കഴിഞ്ഞ ദിവസത്തെ പോലെ കൈകാലുകളും ശരീരവും ചലിപ്പിച്ചു. പ്രതികരണങ്ങളും ആരോഗ്യനിലയിലെ പുരോഗതിയും ആശാവഹമാണെന്നു ഡോക്ടർമാർ പറ‍ഞ്ഞു.

രാവിലെ തന്നെ ഫെയ്സ്ബുക്കിലും ഉമ തോമസിന്റെ പ്രൊഫൈൽ സജീവമായി. ‘പുതുവത്സരത്തിലെ സന്തോഷ വാർത്ത. സെഡേഷൻ കുറച്ചു വരുന്നു. വെന്റിലേറ്റർ സപ്പോർട്ടും. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു. എല്ലാവർക്കും ന്യൂഇയർ ആശംസകളും നേർന്നിട്ടുണ്ട്. പ്രാർഥനകൾ തുടരുമല്ലോ’– ടീം അഡ്മിൻ കുറിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ചാണ്ടി ഉമ്മൻ എംഎൽഎ, നടൻ രമേഷ് പിഷാരടി തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തി.