തലശ്ശേരി: ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടിസുനിക്ക് പരോൾ ലഭിച്ചത് ഇയാൾ രണ്ടാംപ്രതിയായ ഇരട്ടക്കൊലക്കേസിൽ വിചാരണ തുടങ്ങാനിരിക്കെ. ബിജെപി–ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ 22ന് ആണ് ആരംഭിക്കുക.
2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിയിലായിരുന്നു കൊലപാതകം. ഒരു കേസിൽ മാഹി കോടതിയിൽ ഹാജരായി തിരിച്ചുപോകുമ്പോൾ ബൈക്ക് തടഞ്ഞ് രണ്ടുപേരെയും സമീപത്തെ ആടുവളർത്തു കേന്ദ്രത്തിൽ ഓടിച്ചുകയറ്റി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നെന്നാണ് കേസ്.
കൊടിസുനി കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് പരോൾ വ്യവസ്ഥയിൽ പറയുന്നുണ്ട്. അതിനാൽ വിചാരണയ്ക്ക് ഹാജരാകുന്നതിന് പ്രതി ഹർജി നൽകണമെന്ന് കോടതി വാക്കാൽ നിർദേശിച്ചു. സിപിഎം പ്രവർത്തകരായ പള്ളൂർ കോയ്യോട് തെരവിലെ ടി.സുജിത്ത് (36), മീത്തലെചാലിൽ എൻ.കെ.സുനിൽകുമാർ (കൊടിസുനി – 40), നാലുതറയിലെ ടി.കെ.സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ.മുഹമ്മദ്ഷാഫി (39), പള്ളൂരിലെ ടി.പി.ഷമിൽ (37), കവിയൂരിലെ എ.കെ.ഷമ്മാസ്(35), ഈസ്റ്റ് പള്ളൂരിലെ കെ.കെ.അബ്ബാസ് (35), ചെമ്പ്രയിലെ രാഹൂൽ (33), നാലുതറ കുന്നുമ്മൽവീട്ടിൽ വിനീഷ് (44), സി.കെ.രജികാന്ത്, നാലുതറ പടിഞ്ഞാറെ പാലുള്ളതിൽ പി.വി.വിജിത്ത് (40), മുഹമ്മദ് രജീസ്, പള്ളൂർ കണ്ണറ്റിങ്കൽ കെ.ഷിനോജ് (36), ന്യൂമാഹി അഴീക്കൽ മീത്തലെ ഫൈസൽ (42), ഒളവിലം കാട്ടിൽ പുതിയവീട്ടിൽ സരീഷ് (40), ചൊക്ലി തവക്കൽ മൻസിൽ ടി.പി. സജീർ (38) എന്നിവരാണു കേസിലെ പ്രതികൾ. ഇതിൽ സി.കെ.രജികാന്തും മുഹമ്മദ് രജീസും മരിച്ചു.