ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഇനിയുള്ള ദിവസങ്ങളിൽ ശബരിമല ദർശനത്തിനു സ്പോട് ബുക്കിങ് കൂടുതലായി ആശ്രയിക്കേണ്ടിവരും. 16 വരെയുള്ള വെർച്വൽ ക്യു ബുക്കിങ് തീർന്നതാണു കാരണം. പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു ബുക്ക് ചെയ്യാവുന്നത്. 16 വരെയുള്ള എല്ലാ ദിവസങ്ങളിലെയും വെർച്വൽ ക്യു ബുക്കിങ് തീർന്നു. പ്രതിദിനം 10,000 പേർക്ക് സ്പോട് ബുക്കിങ് എന്നായിരുന്നു ദേവസ്വം ബോർഡ് ഉദ്ദേശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ 22,500ന് മുകളിലാണ് സ്പോട് ബുക്കിങ്. പ്രതിദിനം ലക്ഷത്തിനു മുകളിൽ തീർഥാടകർ ദർശനം നടത്തുന്നുണ്ട്. വലിയ തിരക്കിന് ഇന്നും കുറവില്ല. പതിനെട്ടാംപടി കയറാൻ കുറഞ്ഞത് 8 മണിക്കൂർ എങ്കിലും കാത്തു നിൽക്കണമെന്നതാണ് അവസ്ഥ.