ലണ്ടൻ: ബ്രിട്ടനിൽ പുതുവത്സരാഘോഷത്തിന് തടസമായി ശക്തമായ കാറ്റും മഴയും. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങൾ വെളളത്തിനടിയിലായി. ഇതേ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പാർക്കിങ് ഏരിയയിലും വഴിവക്കിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും വെളളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. പ്രദേശത്തെ നദികൾ മിക്കതും നിറഞ്ഞുകവിഞ്ഞു. കനത്ത മഴയെ തുടർന്ന് എഡിൻബറോയിൽ ഉൾപ്പെടെ പലയിടത്തും പുതുവത്സരാഘോഷ പരിപാടികൾ റദ്ദാക്കി. ട്രാക്കുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഏതാനും ഹൈവേകളും അടച്ചു. മൂന്നു ദിവസം കനത്ത മൂടൽ മഞ്ഞ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.