ലാസ് വെഗാസിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബർട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ലാസ് വെഗാസിൽ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഹോട്ടൽ കവാടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് സ്ഫോടനമുണ്ടായത്. ന്യൂ ഓർലിയാൻസിലെ പുതുവത്സര ദിനത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഒരാൾ ട്രക്ക് ഓടിച്ചുകയറ്റി വെടിയുതിർത്തിരുന്നു.
സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു. ആക്രമണം തീവ്രവാദ പ്രവർത്തനമാണെന്നാണ് നിഗമനം. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് സൈബർ ട്രക്ക് പൊട്ടിത്തെറിച്ചത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് എഫ്ബിഐ അന്വേഷിക്കുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.
ട്രക്കിന്റെ തകരാറുമൂലമല്ല അപകടമുണ്ടായതെന്നും ബോംബ് പോലെയുള്ള സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമാകാം സ്പോടനത്തിലേക്ക് നയിച്ചതെന്നും ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് എക്സിൽ കുറിച്ചു. സംഭവത്തിന് ഭീകരവാദ പ്രവർത്തനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ അറിയിച്ചു.