Food

ചോറിനും ചപ്പാത്തിക്കും അപ്പത്തിനുമൊക്കെ ഒപ്പം കഴിക്കാവുന്ന ഒരു കിടിലൻ തക്കാളി കറി

വിശന്നിരിക്കുമ്പോൾ ചോറിനൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു തക്കാളി കറിയുടെ റെസിപ്പി നോക്കിയാലോ? ചോറിനും ചപ്പാത്തിക്കും അപ്പത്തിനുമൊക്കെ ഒപ്പം കഴിക്കാവുന്ന ഒരു കിടിലൻ തക്കാളി കറി.

ആവശ്യമായ ചേരുവകൾ

  • സവാള 2 എണ്ണം (അരിഞ്ഞത്)
  • തക്കാളി 2 എണ്ണം (അരിഞ്ഞത്)
  • വെളുത്തുള്ളി 2 അല്ലി
  • കറിവേപ്പില ആവശ്യത്തിന്
  • തേങ്ങ ചിരകിയത് 4 ടീസ്പൂൺ
  • ജീരകം 1/4 ടീസ്പൂൺ
  • പച്ചമുളക് 3 എണ്ണം
  • ഉപ്പ് ആവശ്യത്തിന്
  • കടുക് 1/4 ടീസ്പൂൺ
  • കശ്മീരി മുളകുപൊടി 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ രണ്ടര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പ്രഷർ കുക്കറിൽ തക്കാളി, സവാള, പച്ചമുളക്, മഞ്ഞൾപ്പൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക. കുക്കർ തുറന്ന് ഗ്രേവി നന്നായി ഉടച്ച ശേഷം അരപ്പ് ഒഴിച്ച് തിളപ്പിക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് കശ്മിരി മുളക് പൊടിയും ചേർത്ത് ഇളക്കി കറിയിലേക്ക് ഒഴിക്കുക. തക്കാളി കറി തയ്യാറായി.