കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആർസിഎഫ്എൽ എന്ന അനിൽ അംബാനിയുടെ കമ്പനിയിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു. വിശ്വാസ്യത പരിശോധിക്കാതെ മുങ്ങിത്താഴുന്ന കമ്പനിയിലാണ് പണം നിക്ഷേപിച്ചത്. ഭരണതലത്തിലുള്ളവരുടെ അറിവോടെ കമ്മീഷൻ വാങ്ങിയാണ് ഉദ്യോഗസ്ഥർ തുക നിക്ഷേപിച്ചത്. ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് ഈ പണം നിക്ഷേപിച്ചതെന്നും സതീശൻ ആരോപിച്ചു.
2018ലാണ് പണം നിക്ഷേപിച്ചത്. 2015 മുതൽ അനിൽ അംബാനിയുടെ ആർസിഎഫ്എൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു കെഎഫ്സി നിക്ഷേപം നടത്തിയത്. 2019ൽ ആർസിഎഫ്എൽ പൂട്ടി. ഇതോടെ കെഎഫ്സിയ്ക്ക് തിരിച്ച് കിട്ടിയത് 7 കോടി 9ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അറിയാതെ പറ്റിയ അബദ്ധം അല്ല ഇത്. കമ്പനി മൂച്ചൂടും മുടിഞ്ഞുനിൽക്കുന്ന സമയത്താണ് ഈ പണം നിക്ഷേപിച്ചത്. സര്ക്കാര് ഇക്കാര്യത്തില് നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. പൂട്ടിപ്പോയ കമ്പനിയിൽനിന്ന് തുക ലഭിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്. ഹിൻഡൻ ബർഗ് റിപ്പോർട്ട് പോലെ തന്നെയാണ്. കേന്ദ്രം കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൊണ്ടുപോയി നിക്ഷേപം നടത്തുന്നു. അതുപോലെതന്നെയാണ് അംബാനിയുടെ കമ്പനിയിൽ കൊണ്ടുപോയി കെഎഫ്സി നിക്ഷേപം നടത്തിയതെന്നും സതീശന് ആരോപിക്കുന്നു.
സംസ്ഥാനത്ത് ഇടത്തരം സംരംഭങ്ങൾക്ക് കിട്ടേണ്ട തുകയാണ് അംബാനി കമ്പനിയിൽ നിക്ഷേപിച്ചത്. പുറത്ത് ഒരു കമ്പനിയിൽ നിക്ഷേപ നടത്തുമ്പോൾ കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടേ. ഒന്നും അന്വേഷിക്കാതെ പരിശോധിക്കാതെ വലിയ തുക നിക്ഷേപിച്ചു. ഭരണ തലത്തിലുള്ള അറിവോടെ ചില ഉദ്യോഗസ്ഥരാണ് നിക്ഷേപിച്ചത്. ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങിയാണ് തുക നിക്ഷേപിച്ചത്. ആർസിഎഫ്എലുമായി ബന്ധപ്പെട്ട കരാർ രേഖകൾ സർക്കാർ പുറത്തുവിടണമെന്നും സതീശന് ആവശ്യപ്പെട്ടു.