മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അത് മാറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ല, ഇത്തരത്തിലുള്ള കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാൻ പാടില്ലായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നം ജയന്തി ആഘോഷത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നതിനെതിരായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം തെറ്റാണ്. കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റണമെന്ന് എന്തിന് പറയുന്നു.ശബരിമലയിൽ ഷർട്ട് ധരിച്ചുകൊണ്ടാണ് ദർശനം നടത്തുന്നത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ വിശ്വാസങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രി പിന്തുണയ്ക്കാൻ പാടില്ലായിരുന്നു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ? എത്രയോ കാലം മുൻപ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്കരണം നടത്തിയിട്ടുണ്ട്. നിങ്ങൾ തീരുമാനിച്ച് നിങ്ങൾ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങൾ ഇങ്ങനെയാണ്’- അദ്ദേഹം വ്യക്തമാക്കി.
ശിവഗിരി തീർത്ഥാടനത്തിനിടെയാണ് സ്വാമി സച്ചിദാനന്ദ ക്ഷേത്രങ്ങളിൽ ഷർട്ടൂരി കയറുന്ന ആചാരം ഒഴിവാക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചത്. പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിനെയാണ് കടുത്ത ഭാഷയിൽ എൻഎസ്എസിന്‍റെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ വിമർശിച്ചത്.