ഉച്ചയൂണിന് വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി തയ്യാറാക്കിയാലോ? സ്പെഷ്യൽ തേങ്ങാ വറുത്തു ചേർത്ത കല്ലുമ്മക്കായ ഫ്രൈ ഉണ്ടെങ്കിൽ പിന്നെ ഊണ് കുശാലായി.
ആവശ്യമായ ചേരുവകള്‍
കല്ലുമ്മക്കായ നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് എല്ലാം കളഞ്ഞ് 5-10 മിനിറ്റ് നന്നായി ആവിയിൽ വേവിച്ച് എടുക്കണം. തണുത്തതിനു ശേഷം വൃത്തിയാക്കി ഇറച്ചി എടുക്കുക.
- ഉണക്കമുളക് – 4-5 എണ്ണം
- പെരുംജീരകം – 1/2 ടേബിൾ സ്പൂൺ
- തക്കോലം – 1
- ഈ മസാലകൾ നന്നായി പൊടിച്ചെടുക്കാം
- ചെറിയ ഉള്ളി – 1/4 കപ്പ്
- ഇഞ്ചി – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ (ഇവ ഒന്നു ചതച്ചു എടുക്കുക)
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി – 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കാശ്മീരി മുളക്പൊടി – 1/2 ടേബിൾ സ്‌പൂൺ
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുത്തു പൊടിച്ച മസാലയും ചതച്ച മസാലയും പൊടികളും ഉപ്പും കടുക്കയിൽ നന്നായി പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ കറിവേപ്പില ചേർത്ത് കടുക്ക ഇട്ട് ഗോൾഡൻ നിറമാവുന്ന വരെ പൊരിച്ച് എടുക്കുക. ഇതു മാറ്റി അതേ പാനിൽ ഒരു 2 ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചിരണ്ടിയ തേങ്ങ ഇട്ട് , 2 ടീ സ്പൂൺ വറുത്ത മസാലപ്പൊടിയും ചേർത്ത് നന്നായി വറക്കുക. ഇതു നേരത്തെ പൊരിച്ചു വെച്ച കല്ലുമ്മക്കായയുടെ കൂടെ നന്നായി ഇളക്കി ചേർക്കുക. വറുത്ത പച്ച മുളക്, കറിവേപ്പില ഇവ കൊണ്ട് അലങ്കരിച്ചു ചൂടോടെ ചോറിനൊപ്പം കഴിക്കാം.