നല്ല ഉഗ്രൻ സ്വാദിൽ പനീര്‍ ബട്ടര്‍ മസാല തയ്യാറാക്കാം | Paneer butter masala

നല്ല ഉഗ്രൻ സ്വാദിൽ പനീർ ബട്ടർ മസാല തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ് ഇതിന്. വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. ചപ്പാത്തിക്കൊപ്പം കിടിലൻ സ്വാദാണ്.

ആവശ്യമായ ചേരുവകൾ

  • പനീര്‍ – 200 ഗ്രാം
  • തക്കാളി (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
  • പച്ചമുളക് (നീളത്തില്‍ കീറിയത്) – 2 എണ്ണം
  • സവാള (ചെറുതായി അരിഞ്ഞത്) – അര കപ്പ്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
  • മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
  • കുരുമുളക് പൊടി – അര ടീസ്പൂണ്‍
  • മുളക് പൊടി – അര ടീസ്പൂണ്‍ (എരിവിനനുസരിച്ച് ക്രമീകരിക്കാം)
  • ഗരം മസാല – 1 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി – ആവശ്യത്തിന്
  • കറിവേപ്പില – 1 തണ്ട്
  • മല്ലിയില – ആവശ്യത്തിന്
  • വെണ്ണ – 6 ടേബിള്‍ സ്പൂണ്‍
  • തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്
  • ഇളം ചൂട് വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പനീര്‍ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഇവ ഒരു പാനില്‍, 4 ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കിയ ശേഷം, ഇളം ബ്രൌണ്‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക. വറുത്ത പനീര്‍ കഷ്ണങ്ങള്‍ കോരി മാറ്റി വെക്കുക. ബാക്കിയുള്ള ചൂടായ വെണ്ണയിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെണ്ണ കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. അല്പം മൂത്ത ശേഷം തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ചേര്‍ത്ത് ഇളക്കുക.

അല്പം മൂത്ത ശേഷം വറുത്ത പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കഷ്ണങ്ങള്‍ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ ഇളം ചൂടുവെള്ളം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിട്ടോളം വേവിക്കുക. അതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിക്കുക. പിന്നീട് മല്ലിയില ഇട്ട ശേഷം വാങ്ങി വെക്കുക.