എന്‍എസ്എസുമായുള്ളത് ഒരിക്കലും മുറിച്ചുമാറ്റാനാകാത്ത ബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നത് എന്‍എസ്എസ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 148-ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്എസിനോടും സുകുമാരൻ നായരോടും രമേശ് ചെന്നിത്തല നന്ദിപറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് സൗഭാഗ്യമാണ്, കേരളത്തിലാകമാനം പുരോഗതിയുടെ വഴികൾ കാട്ടികൊടുക്കാൻ മന്നത്ത് പത്മനാഭൻ ശ്രമിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ തങ്ക താളുകളിൽ അദ്ദേഹം സമൂഹത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ വ്യക്തമായി തന്നെ എഴുതപ്പെട്ടിട്ടുള്ളതാണ്. സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങൾ ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശൂന്യതയിൽ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് മന്നത്ത് പത്മനാഭൻ. അണികളെയും സമൂഹത്തെയും നയിക്കാൻ കഴിയുന്ന ഒരു നേതാവാണ് അദ്ദേഹം. വീടുകളിൽ ചെന്ന് അവരോടൊപ്പം നിന്നുകൊണ്ട് എൻഎസ്എസ്എസിന്റേയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പടുക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ചെറുതല്ല, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നായർ സമുദായത്തിൽ ഉള്ളവർ മാത്രമല്ല മറ്റുള്ളവരും പഠിക്കുന്നുണ്ട്, എല്ലാവർക്കും തുല്യത അതായിരുന്നു അദ്ദേഹത്തിന്റെ ദർശനം. തന്റെ പൊതുജീവിതവും വിദ്യാഭ്യാസ കാലവും എൻഎസ്എസ് കോളജിൽ നിന്നാണ് ആരംഭിക്കുന്നത് അത് ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.