തിരുവനന്തപുരം: അനിൽ അംബാനിയുടെ കമ്പനിയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടത്തിയ നിക്ഷേപം വഴി 100 കോടിയുടെ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷ നേതാവ് ആക്ഷേപങ്ങൾക്ക് തെളിവ് നൽകണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഷെഡ്യൂൾ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താം. അങ്ങനെയൊരു കമ്പനിയിൽ നിക്ഷേപം നടത്തുന്നതിൽ എന്താണ് തെറ്റ്. മാനദണ്ഡങ്ങൾ പാലിച്ചാണ് തുക നിക്ഷേപിച്ചതെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാണിച്ചു.
നിക്ഷേപം നടത്തുന്ന സമയത്ത് ആ സ്ഥാപനം നഷ്ടത്തിൽ പോകുമെന്ന് പറയാൻ പറ്റില്ലല്ലോയെന്ന് ചൂണ്ടിക്കാണിച്ച തോമസ് ഐസക്ക് കമ്പനികളുടെ പേര് ആരോട് മറച്ചുവെക്കാനാണെന്നും ചോദിച്ചു. ടെൻഡർ വിളിച്ചാണ് നിക്ഷേപം നടത്തിയത്. നബാർഡിന് അവിടെ 2000 കോടി രൂപ നിക്ഷേപമുണ്ട്. 250 കോടി രൂപയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാനാണ് തുക നിക്ഷേപിച്ചത്. ഇതൊരു ബിസിനസ് തീരുമാനമായിരുന്നു. ബിസിനസ് നടത്തുമ്പോൾ നഷ്ടവും ലാഭവും വരുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
ഇൻവെസ്റ്റ്മെന്റ് കമ്മിറ്റി തീരുമാനിക്കാതെ എവിടെയെങ്കിലും നിക്ഷേപം നടത്താൻ കഴിയുമോയെന്നും തോമസ് ഐസക്ക് ചോദിച്ചു. കെഎഫ്സി അടച്ചുപൂട്ടാൻ സെബി പറഞ്ഞതാണ്. അവിടെ നിന്നാണ് അതിനെ ലാഭത്തിൽ എത്തിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ കഴിഞ്ഞ ഒരു വർഷമായി പബ്ലിക് ഡൊമൈനിൽ ഉള്ളതാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങൾ പുതുതായി കണ്ടു പിടിച്ചതൊന്നുമല്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ഗുരുതര ആരോപണവുമായി നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. കെഎഫ്സി അനിൽ അംബാനിയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ കെഎഫ്സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. 2018ലാണ് പണം നിക്ഷേപിച്ചത്. 2015 മുതൽ അനിൽ അംബാനിയുടെ ആർസിഎഫ്എൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു കെഎഫ്സി നിക്ഷേപം നടത്തിയത്. 2019ൽ ആർസിഎഫ്എൽ പൂട്ടി. ഇതോടെ കെഎഫ്സിയ്ക്ക് തിരിച്ച് കിട്ടിയത് 7 കോടി 9ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
പണം നിക്ഷേപിക്കുമ്പോൾ കമ്പനിയുടെ സാമ്പത്തിക ഭദ്രത നോക്കണ്ടേയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കമ്പനി പൂട്ടാൻ പോകുന്നുവെന്ന് അറിഞ്ഞു കൊണ്ടാണ് ഇത്രയും പണം നിക്ഷേപിച്ചതെന്നും കുറ്റപ്പെടുത്തിയിരുന്നു. നിയമസഭയിൽ ഈ ചോദ്യം ചോദിച്ചിട്ടും ഇതുവരെ മറുപടിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ കുറ്റപ്പെടുത്തൽ. ആർസിഎഫ്എല്ലുമായി ബന്ധപ്പെട്ട കരാർ രേഖകൾ സർക്കാർ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് സർക്കാർ ഇത്രയും വലിയ തുക നിക്ഷേപിച്ചത്. ഭരണത്തിന്റെ മറവിൽ നടന്നത് ഗുരുതരമായ അഴിമതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.