ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്ന്യാസിയായ ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി. ചിറ്റഗോങ്ങിലെ മെട്രോപൊളിറ്റൻ സെഷൻസ് കോടതിയാണ് ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്. കൃഷ്ണദാസിന് പ്രമേഹരോഗവും ശ്വാസകോശ സംബന്ധമായ വിഷയങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. കൃഷ്ണദാസിനെ കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും കോടതിയിൽ വാദമുണ്ടായി. ഏകദേശം അരമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷം പക്ഷെ കോടതി ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
നവംബറിൽ ന്യൂ മാര്‍ക്കറ്റ് പ്രദേശത്ത് നടത്തിയ ഹിന്ദു വിഭാഗക്കാരുടെ റാലിക്ക് ശേഷമായിരുന്നു പൊലീസ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് അറസ്റ്റ് ചെയ്തു. ദേശീയ പതാകയെ നിന്ദിച്ചു എന്ന് കാണിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിന്മയിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ നവംബർ 25 നാണ് ചിന്മോയ് കൃഷ്ണദാസിനെ ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്നതടക്കമുള്ള ആരോപണങ്ങളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ധാക്കയിലെ വിമാനത്താവളത്തിൽ നിന്നായിരുന്നു ചിന്മോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും ചിന്മയ് കൃഷ്ണദാസിന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ഇതിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപകമായ തോതിൽ അക്രമങ്ങളും അരങ്ങേറിയിരുന്നു. അതിനിടെ ചിന്മോയിയുടെ സംഘടനയായ ഇസ്കോണിനെതിരെ ബംഗ്ലാദേശ് സർക്കാർ കടുത്ത നടപടികളും സ്വീകരിച്ചിരുന്നു. ചിന്മയി കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളടക്കം ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് മരവിപ്പിട്ടിരുന്നു.