Kerala

അപ്പോ, ഒരുമിച്ച് അങ്ങ് ഇറങ്ങുവല്ലേ: കൗമാരകലയുടെ വര്‍ണ്ണരാവുകള്‍ക്ക് അനന്തപുരി ഒരുങ്ങി: ആത്മവിശ്വാസത്തോടെ തലസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും

അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങി

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗ്ഗിക കലാ സാഹിത്യപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു. രണ്ടായിരത്തി പതിനാറിലാണ് അവസാനമായി തിരുവനന്തപുരം കലോത്സവത്തിന് വേദി ആയത്. ആയിരത്തി തൊള്ളായിരത്തി അമ്പത്തി ഏഴില്‍ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളര്‍ന്ന മേളയില്‍ പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്‍. അനിലും സംയുക്ത വാര്‍ത്താ സമ്മേത്തില്‍ പറഞ്ഞു.

സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുകയാണ്. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ നൃത്തരൂപങ്ങള്‍. അന്യം നിന്നു പോകുമായിരുന്ന നാടന്‍ കലകളും, പ്രാചീന കലകളും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് സ്‌കൂള്‍ കലോത്സവം നല്‍കിയ സംഭാവന എടുത്ത് പറയേണ്ടതാണ്. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി ആയിരം രൂപ നല്‍കുന്നുണ്ട്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിര്‍ണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്.

വിധി കര്‍ത്താക്കളുടെ വിധിനിര്‍ണ്ണയത്തിനെതിരെ തര്‍ക്കം ഉന്നയിക്കുന്ന ഘട്ടത്തില്‍ അത്തരം ഇനങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീല്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പത്തൊമ്പത് സബ്കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. അറുപത്തി മൂന്നാമത് കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയിട്ടുണ്ട്. ശ്രീനിവാസന്‍ തൂണേരി രചിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. വയനാട് ദുരന്തത്തിന്റെ അതിജീവനത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ്. വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് കരുത്ത് പകരുന്നതിന് വേദിയില്‍ അവര്‍ക്ക് സംഘനൃത്തത്തിന് അവസരം കൂടി ഒരുക്കിയിട്ടുണ്ട്. റെയില്‍വേസ്റ്റേഷന്‍, ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ കലോത്സവത്തിനെത്തുന്ന കുട്ടികളെയും, വിശിഷ്ഠ വ്യക്തികളേയും സ്വീകരിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കലോത്സവ ഉദ്ഘാടന വേദിയില്‍ അതിഥികളായി എത്തുന്നവര്‍ക്ക് പുസ്തകങ്ങളാണ് നല്‍കുന്നത്. പുസ്തകങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.
2025 ജനുവരി 4 ന് രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ അറുപത്തി മൂന്നാമത് കലോത്സവത്തിന് ഔപചാരികമായ തുടക്കം കുറിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്‌കൂള്‍ കലോത്സവം ഒന്നാം വേദിയായ എം. ടി. – നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. അതിഥികള്‍ക്ക് നല്‍കുവാനുള്ള പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍

  • രജിസ്‌ട്രേഷന്‍ കമ്മിറ്റി

രജിസ്‌ട്രേഷന്‍ എസ്.എം.വി.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് 3 ന് രാവിലെ 10.00 മുതല്‍ ആരംഭിക്കും.

7 കൗണ്ടറുകളിലായി 14 ജില്ലകള്‍ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രത്യേകം ഹെല്‍പ്പ് ഡെസ്‌ക്കും രജിസ്‌ട്രേഷന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്ക്രമീകരിച്ചിട്ടുണ്ട്.

  • അക്കോമഡേഷന്‍ കമ്മിറ്റി

കുട്ടികള്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യുന്ന സമയത്ത് അക്കോമഡേഷന്‍ സൗകര്യം ആവശ്യമുണ്ടെങ്കില്‍ ആയത് രേഖപ്പെടുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 25 സ്‌കൂളുകള്‍
സജ്ജമാക്കിയിട്ടുണ്ട്.

ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം താമസ സൗകര്യമാണ് ഒരുക്കുക. കൂടാതെ 10 സ്‌കൂളുകള്‍ റിസര്‍വ്വായും കരുതിയിട്ടുണ്ട്.

താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ സ്‌കൂളുകളിലും വേണ്ട സൗകര്യങ്ങള്‍ ഒരുക്കും.

എല്ലാ സെന്ററുകളിലേയും സൗകര്യങ്ങള്‍ വിലയിരുത്തി കുട്ടികള്‍ക്ക് വേണ്ട എല്ലാ സഹായം ലഭിക്കുന്നതിന് രാവിലെയും രാത്രിയും മതിയായ ആള്‍ക്കാരെ നിയോഗിക്കും.

എല്ലാ അക്കോമഡേഷന്‍ സെന്ററുകളിലും ടീച്ചേഴ്‌സിനെ രണ്ട് ഷിഫ്റ്റായി ഡ്യട്ടിക്ക് നിയോഗിക്കും. കൂടാതെ പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്‌കൂളുകളില്‍ വനിതാ പോലീസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനര്‍ എല്ലാ സെന്ററുകളിലും സ്ഥാപിച്ചിട്ടുണ്ട്.എല്ലാ സെന്ററുകളിലും മത്സരവേദികള്‍, റൂട്ട്മാപ്പ് തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.

  • ഭക്ഷണ കമ്മിറ്റി

പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തല്‍ തയ്യാറാകുന്നത്.

മുന്‍വര്‍ഷങ്ങളിലേത് പോലെ പഴയിടം മോഹനന്‍ നമ്പൂതിരിയെയാണ് ഈ വര്‍ഷവും പാചകത്തിനായി തെരഞ്ഞെടുത്തത്.

ഒരേസമയം 20 വരികളിലായി നാലായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് പന്തല്‍ ഒരുക്കുന്നത്.

3 ന് രാത്രി ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് ചൂടുവെള്ളം ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ക്ലീനിംഗിനായി കോര്‍പ്പറേഷന്റെ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉല്‍പന്ന സമാഹരണം നടത്തി കലവറ നിറയ്ക്കല്‍ പരിപാടി നടന്നു വരുന്നു.

  • പബ്ലിസിറ്റി കമ്മിറ്റി

സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണ പരിപാടികള്‍ ലഘു വീഡിയോകളായും ഡിജിറ്റല്‍ പോസ്റ്ററുകളായും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തുകൊണ്ടും എല്ലാ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കലോത്സവത്തിന്റെ
സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കലോത്സവം സംബന്ധിച്ച പോസ്റ്ററുകള്‍, ചുവരെഴുത്ത്, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

വേദികള്‍ക്ക് ആവശ്യമായ കമാനങ്ങളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വിളമ്പരജാഥ, നഗരം ദീപാലംകൃതമാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.

  • പ്രോഗ്രാം കമ്മിറ്റി

25 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. പ്രധാന വേദിയായി സെന്‍ട്രല്‍ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്.

മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്.

മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോര്‍ഡിംഗിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരയിനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോഗ്രാം ഷെഡ്യൂള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

25 വേദികളിലും 5 ദിവസങ്ങളിലേക്കായി 2 ഷിഫ്റ്റുകളിലായി ആവശ്യമുള്ള ഒഫിഷ്യലുകളെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് നല്‍കുന്ന പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. പൊതുനിര്‍ദ്ദേശങ്ങള്‍, ക്ലസ്റ്റര്‍ പുസ്തകം എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

എല്ലാ പ്രോഗ്രാം ഒഫിഷ്യല്‍സിനും ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ് നല്‍കുന്നതാണ്. മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും മത്സരങ്ങള്‍ പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്പ് റിലീസ് ചെയ്തിട്ടുണ്ട്.

ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

  • സ്റ്റേജ് & പന്തല്‍

ഒന്നാം വേദിയായി നിശ്ചയിച്ചിട്ടുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 95 ശതമാനം പണികള്‍ പൂര്‍ത്തിയായി.

ടോയ്‌ലറ്റ് ബ്ലോക്ക്,വിവിധ കമ്മിറ്റികള്‍ക്കും, മീഡിയകള്‍ക്കുമുള്ള സ്റ്റാളുകളുടെ പണി പൂര്‍ത്തിയായി വരുന്നു. കൂടാതെ
ഫയര്‍ഫോഴ്‌സ്, പോലീസ്, എന്നിവര്‍ക്കുള്ള പവലിയന്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. ഭക്ഷണ പന്തലിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു.

മറ്റ് വേദികളിലും ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി…

  • ഈസ്റ്റ് ഫോര്‍ട്ടില്‍ ട്രാഫിക് നിയന്ത്രണം

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന ജനുവരി 4 മുതല്‍ 8 വരെ കാലയളവില്‍ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഉണ്ടാകും.

കിഴക്കേകോട്ട മുതല്‍ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെ.എസ്.ആര്‍.ടി.സി. യുടെയും സ്വകാര്യ വാഹനങ്ങളിടെയും സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല.

ഈ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം, പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ് നടത്തും.

  • ജഡ്ജസ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജഡ്ജസിനെ തിരഞ്ഞെടുക്കുന്നത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയമാണ്.

തികച്ചു സുതാര്യമായും സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടുമാണ് ജഡ്ജസിനെ തിരഞ്ഞെടുക്കുന്നത്.

യാതൊരുവിധത്തിലുള്ള അഴിമതി സാധ്യതകള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുന്ന തരത്തിലാണ് ഈ നടപടിക്രമങ്ങള്‍.
സംസ്ഥാന ഇന്റലിജന്‍സും വിജിലന്‍സും എല്ലാ ജഡ്ജസിന്റെ പ്രവര്‍ത്തനങ്ങളും
നിരന്തരം നിരീക്ഷിക്കും.

CONTENT HIGH LIGHTS; So, won’t you come down together: Ananthapuri is ready for colorful nights of youth art: Capital ministers and people’s representatives are confident