കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി എന്ന് മെഡിക്കൽ സംഘം. രണ്ടുദിവസത്തിനകം തന്നെ ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റാനാകും എന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് കൃത്യമായ ഒരു ഡേറ്റ് പറയാൻ സാധിക്കില്ല. എന്നിരുന്നാലും ആരോഗ്യനിലയിലെ പുരോഗതി കണക്കിലെടുത്ത് രണ്ടുദിവസത്തിനുള്ളിൽ മാറ്റാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.
ശ്വാസകോശത്തിനടിയിലായി ഒരു നീര്‍ക്കെട്ട് ഉണ്ട്. അത് കുറയാനായി ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ട് ലിവര്‍ ഫംങ്ഷനിലോ, കിഡ്‌നി ഫങ്ഷ്‌നിലോ വലിയ വ്യതിയാങ്ങള്‍ ഉണ്ടായിട്ടില്ല. നിലവിലെ പ്രോട്ടോ കോള്‍ തുടരും. വേദനയ്ക്ക് കുറവുണ്ടെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. സംസാരിക്കുന്നുണ്ടെന്നും ഓര്‍മക്കുറവുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അമ്മയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് മകന്‍ വിഷ്ണു പറഞ്ഞു. അമ്മയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും മകന്‍ പറഞ്ഞു.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.