Video

‘ഇടവേളയില്ലാത്ത വിധമാണ് പുനരധിവാസ പ്രവർത്തനം നടത്തുന്നത്’; കെ രാജൻ | k rajan wayanadu landslide

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കും

വയനാട്: ഇടവേളയില്ലാത്ത വിധമാണ് പുനരധിവാസ പ്രവർത്തനം നടത്തുന്നത് എന്ന് റവന്യൂ മന്ത്രി കെ രാജന്‍. പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍, ലയങ്ങളില്‍ താമസിക്കുന്നവര്‍, സംസ്ഥാനത്ത് എവിടെയും സ്വന്തമായി വീടില്ലാത്തവര്‍ എന്നിവരെ ഉള്‍പ്പടുത്തിയാണ് ഒന്നാം ഘട്ട പുനരധിവാസ പദ്ധതി. രണ്ട് ഘട്ടമായിട്ടായിരിക്കും ലിസ്റ്റ് ഉണ്ടാക്കുന്നത് എങ്കിലും രണ്ടു കൂട്ടരുടെയും പുനരധിവാസം ഒന്നിച്ച് ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കും. രണ്ടാം ഘട്ട മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കും. ഇപ്പോള്‍ ഒന്നാം ഘട്ട ക്രമീകരങ്ങളാണ് നടക്കുന്നത്. ഒരുമിച്ചായിരിക്കും പൂര്‍ത്തിയാവുക. കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ അഞ്ച് സെന്റ് ഭൂമി സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. അത് പരിഗണിക്കും. മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തില്‍ വയനാട് കളക്ട്രേറ്റില്‍ അവലോകന യോഗം തുടരുന്നു. റവന്യൂ മന്ത്രി കെ രാജന്‍, ജില്ലാ കളക്ടര്‍ ആര്‍ മേഘശ്രീ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

രാവിലെ എല്‍ ഡി എഫ് നേതൃയോഗത്തിലും മന്ത്രി പങ്കെടുത്തു. ജില്ലാ കളക്ട്രേറ്റില്‍ അവലോകന യോഗത്തിന് മുന്‍പ് ചൂരല്‍ മല-മുണ്ടക്കൈ ജനകീയ സമിതിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. കല്‍പ്പറ്റയില്‍ നല്‍കുന്ന സ്ഥലത്തിന്റെ കുറവും, ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നല്‍കുന്ന തുകയുടെയും കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം മന്ത്രിയെ അറിയിച്ചെന്നും, പരിഹാരമുണ്ടാവുമെന്നുള്ള ഉറപ്പ് ലഭിച്ചതായും സമിതി അംഗങ്ങള്‍ പറഞ്ഞു.

ഏല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലാണ് ടൗണ്‍ഷിപ്പ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി വില നിശ്ചയിക്കാനുള്ള സര്‍വ്വേ ഇന്നും തുടരുകയാണ്. പതിനഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കും.

സ്‌പെഷ്യല്‍ ഓഫീസര്‍ ജെ ഒ അരുണിന്റെ നേതൃത്വത്തിലാണ് നടപടികള്‍.തുടര്‍ നടപടികള്‍ സംബന്ധിച്ച വിശകലനത്തിനും ഭാവിപരിപാടികളുടെ അവലോകനവും സംബന്ധിച്ചാണ് ഇന്ന് പ്രത്യേക യോഗം മന്ത്രി കെ രാജന്‍ വിളിച്ചുചേര്‍ത്തത്.

Latest News