ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്കെതിരെ നടപടി. തിരുന്നാവായ നാവാമുകുന്ദ സ്കൂളിനെയും കോതമംഗലം മാർബേസിൽ സ്കൂളിനെയുമാണ് ഒരു വർഷത്തേക്ക് വിലക്കിയത്. കായികമേള സമാപനത്തിനിടയിലെ പ്രതിഷേധത്തെ തുടർന്നാണ് വിലക്ക്. തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു എറണാകുളത്ത് നടന്ന കായിക മേളയില്‍ രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടി. സ്കൂള്‍ കായികമേള സംഘര്‍ത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിക്കും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കായികമേളയിൽ പലതവണ ചാംപ്യന്മാരായ ടീമാണ് കോതമംഗലം മാര്‍ ബേസിൽ സ്കൂള്‍. വിദ്യാര്‍ത്ഥികളെ ഇറക്കി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.