Tech

ഐഫോൺ ഉപയോഗിക്കുന്നവരാണോ ? ഹാക്കിംഗ് സാധ്യത- റിപ്പോര്‍ട്ട്, സൂക്ഷിക്കുക ! | ios-devices-are-easier-target

ഐഒഎസ് ഡിവൈസുകളാണ് സൈബര്‍ ഫിഷിംഗ് അറ്റാക്കുകള്‍ക്ക് വേഗം വിധേയമാകാന്‍ സാധ്യത എന്നാണ് സൈബര്‍ സുരക്ഷാ അനലിസ്റ്റുകളായ ലുക്ക്‌ഔട്ടിന്‍റെ റിപ്പോര്‍ട്ട്

ആന്‍ഡ്രോയ്‌ഡിനേക്കാള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഡിവൈസുകളാണ് ഹാക്കര്‍മാര്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനിയുടെ ഐഒഎസ് പ്ലാറ്റ്‌ഫോമിലുള്ള ഐഫോണുകളുടെ അടക്കം സുരക്ഷയെ കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണിത്.

ഐഒഎസ് ഡിവൈസുകളാണ് സൈബര്‍ ഫിഷിംഗ് അറ്റാക്കുകള്‍ക്ക് വേഗം വിധേയമാകാന്‍ സാധ്യത എന്നാണ് സൈബര്‍ സുരക്ഷാ അനലിസ്റ്റുകളായ ലുക്ക്‌ഔട്ടിന്‍റെ റിപ്പോര്‍ട്ട്. 2024ന്‍റെ മൂന്നാംപാദത്തിലെ മൊബൈല്‍ ത്രെട്ട് ലാന്‍ഡ്‌സ്കേപ്പ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. 2024ന്‍റെ മൂന്നാംപാദത്തില്‍ 11.4 ശതമാനം ആന്‍ഡ്രോയ്ഡ് ഡിവൈസുകളാണ് ഫിഷിംഗ് ശ്രമങ്ങള്‍ക്ക് വിധേയമായത് എങ്കില്‍ ഐഒഎസ് ഡിവൈസുകളില്‍ ഇത് 18.4 ശതമാനം ആണ്. 220 ദശലക്ഷം ഡിവൈസുകളും 360 ദശലക്ഷം ആപ്ലിക്കേഷനുകളും ബില്യണ്‍ കണക്കിന് വെബ് വിവരങ്ങളും എഐ സഹായത്തോടെ വിശകലനം ചെയ്‌താണ് ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ ലുക്കൗട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഫിഷിംഗ് വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെ 473 ദശലക്ഷം പ്രശ്‌നകരമായ വെബ്‌സൈറ്റുകള്‍ ലുക്ക്‌ഔട്ട് കണ്ടെത്തി. യൂസര്‍നെയിം, പാസ്‌വേഡ് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയാണ് ഫിഷിംഗ് അറ്റാക്ക് ശ്രമങ്ങള്‍ നടക്കുന്നത്.

അപ്രതീക്ഷിത സ്രോതസുകളില്‍ നിന്നെത്തുന്ന ഇമെയില്‍, മെസേജുകള്‍ എന്നിവ വഴി ലഭിക്കുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതിരിക്കുകയാണ് സൈബര്‍ ഫിഷിംഗ് ശ്രമങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള പ്രധാന വഴി. അതുപോലെ പോപ് അപ് വിന്‍ഡോകള്‍ വഴി ലഭിക്കുന്ന പേജുകളില്‍ ഒരു വിവരവും നല്‍കരുത്. അക്കൗണ്ട് നമ്പര്‍, പാസ്‌വേഡുകള്‍ തുടങ്ങി നിര്‍ണായകമായ ഒരു വിവരവും ടെക്സ്റ്റ് മെസേജുകള്‍ക്കോ അത്തരം സന്ദേശങ്ങള്‍ക്കോ മറുപടിയായി നല്‍കരുത്. ഫോണ്‍ വഴി ഇത്തരം ആവശ്യങ്ങള്‍ ലഭിച്ചാലും അവ നല്‍കരുത്. വ്യക്തിഗത വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുക എന്നതാണ് തട്ടിപ്പുകള്‍ തടയാന്‍ പ്രധാനമായും ചെയ്യേണ്ടത്.

content highlight: ios-devices-are-easier-target