രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായ ‘ഗെയിം ചേഞ്ചർ’ എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരണ്‍ എത്തുന്നത്. ഇന്ത്യൻ 2 എന്ന വമ്പൻ പരാജയത്തിന് ശേഷമെത്തുന്ന സിനിമയായതിനാൽ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ഗെയിം ചേഞ്ചര്‍. 400 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്.
പുറത്തെത്തിയിരിക്കുന്ന ട്രെയ്‍ലറിന് 2.40 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഷങ്കര്‍ ചിത്രങ്ങളില്‍ സാധാരണമായ വമ്പന്‍ കാന്‍വാസ് കാണാവുന്ന ചിത്രത്തില്‍ രാം ചരണിനൊപ്പം കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്.
ഗെയിം ചേഞ്ചറിന്റെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ഛായാഗ്രഹണം എസ് തിരുനാവുക്കരശ്, സംഗീതം തമന്‍ എസ്.
STORY HIGHLIGHT: game changer movie trailer out