സുധീർ അത്താവർ സംവിധാനം ചെയ്ത ‘കൊറഗജ്ജ’ എന്ന ചിത്രം വിവാദങ്ങൾ തരണം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ 10 -15 വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാക്കളും സംവിധായകരും കൊറഗജ്ജ എന്ന ടൈറ്റിൽ സ്വന്തമാക്കുന്നതിനായും കൊറഗജ്ജയെക്കുറിച്ചുള്ള സിനിമകൾ ചെയ്യുന്നതിനായും ശ്രമിച്ചിരുന്നു. എന്നാൽ ഒന്നും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സിനിമ റിലീസിന് തയ്യാറാക്കിയിരിക്കുന്നത്.
ഏറെ പ്രതീക്ഷയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കൊറഗജ്ജ. കർണാടകയിലെ കറാവലി ഭാഗത്തെ (തുളുനാട്) ദൈവാരാധനയിലെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. ഏകദേശം 800 വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. സക്സസ് ഫിലിംസും ത്രിവിക്രമ സിനിമാസും ചേർന്ന് മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത അഭിനേതാവായ കബീർ ബേദി, സന്ദീപ് സോപാർക്കർ, ബോളിവുഡിലെ പ്രശസ്തനായ നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത നടി ഭവ്യ, ശ്രുതി എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ സാങ്കേതികവിദഗ്ധർ അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജയ്ക്കുണ്ട്. ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിംഗ് ജിത്- ജോഷ്, വിദ്യാദർ ഷെട്ടി എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.
STORY HIGHLIGHT: koragajja movie to be released