India

മകളെ ഒളിച്ചോടാൻ സഹായിക്കുന്നുവെന്ന് സംശയം; അയൽവാസിയെ കൊന്ന് സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛനും മകനും | father son duo kill neighbour

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്

നാസിക്: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛനും മകനും. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ഡിൻഡോരി താലൂക്കിലെ നാനാഷി ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം. സുരേഷ് ബോകെ (40) എന്നയാളും മകനും ചേർന്ന് അയൽവാസിയായ ഗുലാബ് രാമചന്ദ്ര വാഗ്മറെയെ (35) മഴുവും അരിവാളും ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

രാമചന്ദ്രയെ വെട്ടിക്കൊന്ന ശേഷം തലയറുത്ത് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി തങ്ങൾ അയൽവാസിയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് അച്ഛനേയും മകനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.  ഗുലാബ് രാമചന്ദ്ര വാഗ്മറെയെ കൊല്ലാനുപയോഗിച്ച ആയുധങ്ങളുമായാണ് പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അയൽവാസികളായ സുരേഷ് ബോകെയും ഗുലാബ് രാമചന്ദ്രയും കുറേ നാളുകളായി തർക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ന്യൂയർ രാത്രിയിലും ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. തന്‍റെ മകളെ ഒളിച്ചോടാൻ രാമചന്ദ്ര സഹായിക്കുകയാണെന്ന് സുരേഷ് ബോകെ ആരോപിച്ചിരുന്നു. വാക്കേറ്റത്തിന് പിന്നാലെ ഇരു കൂട്ടരും പൊലീസിൽ പരാതിയും നൽകി. ഇതിന് പിന്നാലെയാണ് ജനുവരി ഒന്നിന് രാവിലെ സുരേഷും മകനും അയൽവാസിയെ വെട്ടി കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ നാട്ടുകാർ സുരേഷിന്‍റെ വീട് അടിച്ച് തകർക്കുകയും  കാർ കത്തിക്കുകയും ചെയ്തു.

ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനാൽ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ലോക്കൽ പൊലീസിനൊപ്പം സമീപ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും സംസ്ഥാന റിസർവ് പൊലീസ് സേനയെയും  ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രാമചന്ദ്രയുടെ ഭാര്യ മിനാബായി (34) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസികളായ അച്ഛനും മകനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 

content highlight : father-son-duo-kill-neighbour-in-nashik-take-victim-s-severed-head-to-police-station