ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം, ‘കടല്‍പോലൊരാള്‍’, എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം നടന്നു. നവീന കാലത്തെ ആശയവിനിമയ സംവിധാനമായ സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ് പുസ്തകത്തിന്റെ കവര്‍ പ്രകാശനം നടത്തിയിരിക്കുന്നത്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, എം.ബി രാജേഷ്, ഡോ. ആര്‍ ബിന്ദു, സ്പീക്കർ എ.എൻ. ഷംസീർ, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, നന്ദകുമാര്‍ എം എല്‍ എ , സിനിമാ സംവിധായകരായ എം. എ നിഷാദ്, സലാം ബാപ്പു തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കവര്‍ പ്രകാശനം നിര്‍വ്വഹിച്ചത്. ഒരു പക്ഷേ ഇത്രയേറെ മന്ത്രിമാര്‍ ഒന്നിച്ച് ഒരു പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യുന്നത് ആദ്യമായിരിക്കും.
സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ.എം സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ ഗതാഗത മന്ത്രിയും പാര്‍ലമെന്റ് അംഗവും നിയമസഭാംഗവും ആയിരുന്ന ഇ. കെ ഇമ്പിച്ചി ബാവയുടെ, കടല്‍ പോലൊരാള്‍ എന്ന പേരിലുള്ള ജീവചരിത്രം രചിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ മുഷ്താഖ് ആണ്. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍. ജനുവരി 8 ന്, രാവിലെ 11.30 ന്, തിരുവനന്തപുരത്ത് , കേരള നിയമസഭ അന്താരാഷട്ര പുസ്തകോത്സവത്തില്‍ (KLIBF 3) വച്ച്, സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍, പുസ്തകത്തിന്റെ പ്രകാശനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നതാണ്. പൊന്നാനി എംഎല്‍എ പി. നന്ദകുമാര്‍ സ്വാഗതം ആശംസിക്കും.
മകനെന്ന നിലയ്ക്ക് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മ പുസ്തകമല്ല ഇതെന്നും, ഇമ്പിച്ചി ബാവ എന്ന ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെ കുറിച്ച് ഏതൊരു ചരിത്രാന്വേഷിയേയും പോലെ ശേഖരിച്ച വിവരങ്ങളാണ് ഇതിലെന്നും മുഷ്താഖ് അടിവരയിട്ട് പറയുന്നുണ്ട്. ഒരു ചെറിയ പുസ്തകത്തിലൂടെ കേരളത്തിന്റെ ഒരു വലിയ കാലത്തെ ചരിത്രം പറയാനുള്ള ശ്രമം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.