Travel

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം; മലയാളികൾ അറിയാതെ പോകുന്ന കേരളത്തിലെ മാജിക് ഐലന്റ് | magic-island kerala

കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയുടെ വടക്ക് പെരുമ്പളം ദ്വീപിനടുത്താണ് സ്ഥാനം

കുളിക്കാനും ഉല്ലസിക്കാനും ഇനി റിസോർട്ടിൽ മുറിയെടുക്കണമെന്നില്ല. ബോട്ടിലൂടെ യാത്രചെയ്ത് വേമ്പനാട് കായലിന്റെ നടുവിലിറങ്ങിയാൽ ശുദ്ധജലത്തിൽ കുളിക്കാനും കുടുംബവുമൊത്ത് ഉല്ലസിക്കാനും ഇടമുണ്ട്. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളുമായി മാജിക് ഐലന്റ് സഞ്ചാരികളെ മാടിവിളിക്കുകയാണ്. വേമ്പനാട്ട് കായലിൽ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളുടെ കൃത്യം മദ്ധ്യഭാഗത്ത് അഞ്ചുതുരുത്തിലെ മത്തായി തുരുത്തിന്റെ അടുത്താണ് മാജിക് ഐലന്റ്. ഏതാണ്ട് നാല് ഏക്കർ വിസ്തൃതിയിൽ പ്രകൃതിദത്തമായൊരിടം. കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയുടെ വടക്ക് പെരുമ്പളം ദ്വീപിനടുത്താണ് സ്ഥാനം.

മൂവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ വന്ന മണ്ണും എക്കലും അടിഞ്ഞ് വർഷങ്ങളായി രൂപപ്പെട്ട തുരുത്താണിത്. കുളിച്ച് കായലിന്റെ ഭംഗി ആസ്വദിക്കുന്നതിലൂടെ ഒരു പ്രത്യേക സന്തോഷമാണെന്ന് സഞ്ചാരികൾ പറയുന്നു. ബോട്ടുകളിൽ വരുന്നവർ ഗോവണി വഴി കായലിലിറങ്ങുമ്പോൾ ശിക്കാര പോലുള്ള ചെറു വള്ളങ്ങളിൽ എത്തുന്നവർക്ക് നേരെ ഇവിടെ ഇറങ്ങാം.മാജിക് ഐലന്റിലെ തെളിവെള്ളംപുഴയുടെയും കായലിന്റെയും സംഗമ പ്രദേശമായതിനാൽ ഇവിടെ വെള്ളം പൊതുവേ തെളിഞ്ഞതാണ്. അടിത്തട്ട് ഉറച്ചതായതിനാൽ സുരക്ഷിതവുമാണ്.

വേലിയിറക്ക സമയത്ത് ദ്വീപിന്റെ അടിത്തട്ട് (മേൽ) കാണാൻ കഴിയും. ടൂർ ഓപ്പറേറ്റർമാരുടെ പാക്കേജിലെ പ്രധാന ഇടമായ ഇവിടെ സഞ്ചാരികൾ ബർത്ത്ഡേ പോലുള്ള ആഘോഷങ്ങൾ നടത്താറുണ്ട്. മേശയും കസേരയും കേക്കുമെല്ലാം ഓപ്പറേറ്റർ ക്രമീകരിക്കും. ടൂറിസം വികസനത്തിനായി രൂപീകരിച്ച പൂത്തോട്ട ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിർദ്ദേശങ്ങളിൽ ഉൾപെട്ട പ്രദേശം ടൂർ ഓപ്പറേറ്റർമാരുടെയും സഞ്ചാരികളുടെയും ഇഷ്ടയിടമാണ്.

STORY HIGHLIGHTS : magic-island kerala