തിരുവനന്തപുരം നഗരത്തിൽ നിന്ന് 59 കിലോമീറ്റർ അകലെ ബോണക്കാട് എസ്റ്റേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അരുവി വെള്ളച്ചാട്ടം. തിരുവനന്തപുരത്തുള്ള പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. പേപ്പാറ ഫോറസ്റ്റ് റേഞ്ചിലെ കൊടും വനത്തിലാണ് അരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നാലടി ഉയരത്തിൽ ശുദ്ധമായ ജലം കുന്നിൽ നിന്ന് താഴേക്ക് പതിക്കുന്നു. ഈ വെള്ളച്ചാട്ടം കുന്നുകൾക്കും ഇടതൂർന്ന വനത്തിനും ഇടയിലായതിനാൽ അത് കാണാൻ അതിമനോഹരമാണ്.
ബോണക്കാട് വനമേഖലയിലൂടെയാണ് അരുവി വെള്ളച്ചാട്ടത്തിലേക്ക് പോകേണ്ടത്. ഇവിടെ എത്തണമെങ്കിൽ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. കാടിനെയും വെള്ളച്ചാട്ടത്തിനെയും അടുത്തറിയുന്ന കന്നി ഗോത്രവർഗക്കാരാണ് വഴികാട്ടികളായെത്തുന്നത്.ട്രക്കിങ്ങിന് പറ്റിയ സ്ഥലം കൂടിയാണിത്. ആത്മീയ യാത്രയൊക്കെ ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ തൊട്ടടുത്ത് അഗസ്ത്യ മുനി ക്ഷേത്രവും ഉണ്ട്. വളരെ വലിയൊരു വെള്ളച്ചാട്ടമല്ലെങ്കിലും ഇവിടേക്കുള്ള യാത്ര സമ്മാനിക്കുന്നത് വളരെ മനോഹരമായ ഒരു അനുഭവമാണ്.
ബോണക്കാട് നിന്ന് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. തിരുവനന്തപുരത്ത് നിന്ന് ബോണക്കാട്ടേക്ക് പോകാൻ ബസുകളുണ്ട്. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ അന്വേഷിച്ചാൽ സമയ വിവരങ്ങൾ അറിയാം. പേപ്പാറ ഫോറസ്റ്റ് റേഞ്ചിലെ കൊടും വനത്തിലാണ് അരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് പലപ്പോഴും ഇവിടെക്കുള്ള സന്ദർശനം അനുവദിക്കില്ല. അതിനാൽ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ച ശേഷം വേണം യാത്ര തിരിക്കാൻ. ഏറെ നടക്കാനുള്ളതിനാൽ കുട്ടികളുമായി ഇവിടേക്കെത്തുന്നത് ബുദ്ധിമുട്ടാണ്.
STORY HIGHLIGHTS : aruvi-waterfall-near-bonacaud