ഭൂമിക്കു ചുറ്റും സ്ട്രാറ്റോസ്ഫിയറിൽ (30 കിലോമീറ്റർ പൊക്കത്തിൽ) സ്ഥിതി ചെയ്യുന്ന ഓസോൺ വാതകപാളി അൾട്രാവയലറ്റ് രശ്മികളെ തടുത്തുനിർത്തി ഭൂമിയിലെ മനുഷ്യരെയും മറ്റു ജീവജാലങ്ങളെയുമൊക്കെ സംരക്ഷിക്കുന്നു. 1987 സെപ്റ്റംബർ 16ന് ആണ് മോൺട്രിയൽ പ്രോട്ടോക്കോളിനായുള്ള ധാരണ ഒപ്പിട്ടതെങ്കിലും ഇതു നിലവിൽ വന്നത് 1989 ജനുവരി ഒന്നിനാണ്. ഓസോൺ പാളിയുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കളുടെ നിയന്ത്രണമായിരുന്നു പ്രോട്ടോക്കോളിന്റെ ലക്ഷ്യം. ഇന്നിപ്പോൾ 25–ാം വാർഷികം ആഘോഷിക്കുകയാണ്. ഭൂമിക്കു ചുറ്റും സ്ട്രാറ്റോസ്ഫിയറിൽ (30 കിലോമീറ്റർ പൊക്കത്തിൽ) സ്ഥിതി ചെയ്യുന്ന ഓസോൺ വാതകപാളി അൾട്രാവയലറ്റ് രശ്മികളെ തടുത്തുനിർത്തി ഭൂമിയിലെ മനുഷ്യരെയും മറ്റു ജീവജാലങ്ങളെയുമൊക്കെ സംരക്ഷിക്കുന്നു.
ഈ രശ്മികൾ ശരീരത്തിൽ പതിച്ചാൽ കാൻസർ ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്കു സാധ്യതയുണ്ട്. ഓസോൺ പാളിയെ നശിപ്പിക്കുന്ന കാര്യങ്ങൾ കൂടുതലും മനുഷ്യ നിർമിതമാണ്. ക്ലോറോഫ്‌ളൂറോ കാർബണുകൾ എന്നറിയപ്പെടുന്ന രാസസംയുക്തങ്ങളായിരുന്നു അതിൽ പ്രധാനം. 1930ൽ റഫ്രിജറേറ്ററുകളിലെ ശീതീകരണ ഉപയോഗത്തിനായാണു ക്ലോറോ ഫ്‌ളൂറോ കാർബണുകൾ അഥവാ സിഎഫ്‌സികൾ നിർമിച്ചു തുടങ്ങിയത്. എന്നാൽ ഈ രാസസംയുക്തങ്ങൾ ഓസോൺ പാളിക്കും അതു വഴി പരിസ്ഥിതിക്കും വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ശാസ്ത്രസമൂഹത്തിനു വലിയ അറിവുണ്ടായിരുന്നില്ല. 1970ലാണ് സിഎഫ്‌സികൾ ഓസോണിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു ഗവേഷകർ കണ്ടെത്തിയത്. ഫ്രാങ്ക് റോലാൻഡ്, മാരിയോ മോളിന എന്നീ ശാസ്ത്രജ്ഞർ സിഎഫ്‌സിയെക്കുറിച്ചു ഗംഭീരമായ ഒരു പഠനം നടത്തി.
അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെടുന്ന സിഎഫ്‌സി തന്മാത്രകൾ ഉയർന്ന് സ്ട്രാറ്റോസ്ഫിയറിലെത്തി അവിടെ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ക്ലോറിൻ ആറ്റമുകളെ പുറത്തുവിടുമെന്നും ഇവ ഓസോൺ പാളിയുമായി പ്രവർത്തിച്ച് അതിന്റെ നാശത്തിനു കാരണമാകുമെന്നും പഠനം പറഞ്ഞു. ലോക പരിസ്ഥിതി രംഗത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിച്ച ഈ പഠനത്തിനു 1995ൽ നോബൽ സമ്മാനം ലഭിച്ചിരുന്നു. 1985ലാണ് പിന്നീട് ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പഠനം സംഭവിച്ചത്. ബ്രിട്ടിഷ് അന്‌റാർട്ടിക് സർവേ ശാസ്ത്രജ്ഞരായ ജോ ഫാർമാൻ, ബ്രയാൻ ഗാർഡ്‌നർ, ജോൺ ഷാങ്ക്‌ലിൻ എന്നിവർ അന്റാർട്ടിക്കയ്ക്കു മുകളിൽ ഓസോൺ വലിയ രീതിയിൽ കുറഞ്ഞിരിക്കുന്നെന്ന പഠനഫലം പുറത്തുവിട്ടു.
ഓസോൺ ദ്വാരമെന്ന പേരിൽ ഈ പഠനം ലോകമെങ്ങും ചർച്ചയാകുകയും സാധാരണ ജനങ്ങളിൽപോലും ആശങ്കയ്ക്ക് ഇടവരുത്തുകയും ചെയ്തു. യഥാർഥത്തിൽ ഓസോൺ ദ്വാരം എന്ന പ്രയോഗം സാങ്കേതികമായി തെറ്റാണ്.ആ ഭാഗത്ത് ഓസോൺ അളവിൽ കുറവാണ് എന്നാണ് അർഥം. എന്നാൽ ദ്വാരം, വിള്ളൽ തുടങ്ങിയ പ്രയോഗങ്ങൾ കാര്യത്തിന്റെ ഗൗരവത്തെ ഉയർത്തിക്കാട്ടാൻ സഹായിച്ചു. അങ്ങനെയാണ് 1989 സെപ്റ്റംബർ 16നു മോൺട്രിയൽ പ്രോട്ടോക്കോൾ നടപ്പിൽ വരുത്തിയത്. താമസിയാതെ തന്നെ ലോകരാജ്യങ്ങളെല്ലാം സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഈ പ്രോട്ടോക്കോൾ പാലിക്കാൻ തീരുമാനമെടുത്തു. ഈ ദിനത്തിന്റെ വാർഷികമാണ് എല്ലാ വർഷവും ഓസോൺ ദിനമെന്ന പേരിൽ ആചരിച്ചു പോകുന്നത്.
STORY HIGHLIGHTS : montreal-protocol-ozone-layer-protection