Kerala

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കൊച്ചി മേയർ സസ്പെന്‍ഡ് ചെയ്തു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് ലൈസന്‍സ് എടുപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കൊച്ചി മേയർ സസ്പെന്‍ഡ് ചെയ്തു. കോർപറേഷന്റെ കലൂർ സർക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർ എം.എന്‍ നീതയെയാണ് സസ്പെന്‍ഡ് ചെയ്തത്. ലൈസന്‍സ് അപേക്ഷയുമായി എത്തിയ മൃദംഗ വിഷന്‍ പ്രതിനിധിയോട് ലൈസന്‍സ് ആവശ്യമില്ലെന്ന് നീത അറിയിച്ചിരുന്നു. ഇക്കാര്യം മേലധികാരിയെ അറിയിക്കുകയോ നൃത്തവേദി പരിശോധിക്കുകയോ ചെയ്യാതിരുന്ന നീതയുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായതായി മേയർ പറഞ്ഞു.

എഞ്ചിനീയറിംഗ് – റവന്യൂ വിഭാഗങ്ങളുടെ വീഴ്ച കൂടി പരിശോധിക്കാന്‍ കോർപറേഷന്‍ സെക്രട്ടറിയെ മേയർ ചുമതലപ്പെടുത്തി. അതിനിടെ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന് കോർപറേഷന്‍ നോട്ടീസ് നല്‍കി. ടിക്കറ്റ് വെച്ച് പരിപാടി നടത്തിയിട്ടും നികുതി അടക്കാതിരുന്നതും അനുമതിയില്ലാതെ സ്റ്റേഡിയത്തില്‍ സ്റ്റേജ് കെട്ടിയതിനുമാണ് നോട്ടീസ്. ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ മൂന്നു ദിവസത്തിനകം മൃദംഗവിഷന്‍ ഹാജരാക്കണം.