തെല്‍ അവിവ്: ഗസ്സയിലെ വിവിധ മേഖലകളിൽ ഇസ്രായേൽ വംശഹത്യ തുടരുന്നു. വീടുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെ ഇസ്രായേൽ ആക്രമണം നടത്തി. 24 മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 70ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈനിക സേന 34 വ്യോമാക്രമണങ്ങൾ നടത്തിയതായും എൻക്ലേവിലെ പൊലീസ് സേനാ മേധാവിയും ഡെപ്യൂട്ടിമാരും ഉൾപ്പെടെ 71 പേർ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം അതിശൈത്യത്തിനൊപ്പം കനത്ത മഴയും കാറ്റും വന്നത് ക്യാമ്പുകളിലെ ജീവിതം ദുസ്സഹമാക്കി. ഗസ്സ സിറ്റി ,ഖാൻ യൂനസ്,ദെയറുൽ ബലഹ് എന്നിവിടങ്ങളിൽ കനത്ത മഴയിൽ ജലനിരപ്പുയർന്ന് ക്യാമ്പുകളിൽ വെള്ളം കയറി. മേഖലയിൽ അതിശൈത്യത്തെ നേരിടാൻ കഴിയാതെ 7 കുഞ്ഞുങ്ങൾ മരിച്ചു. കടുത്ത ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിൽ ജബാലിയ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ കൂട്ടമായി വീടുകൾ നശിപ്പിക്കുന്നതും തുടരുന്നു. വെടിനിർത്തൽ ചർച്ചകൾ വീണ്ടും വഴിമുട്ടിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രായേൽ ആക്രമണങ്ങൾ കടുപ്പിക്കുന്നത്.