വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം. രണ്ടു ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത എന്ന് കണ്ടെത്തൽ. പൊലീസ് അന്വേഷണത്തിലാണ് ബാധ്യത കണ്ടെത്തിയത്. എങ്ങനെയാണ് ഇത്രയും വലിയ ബാധ്യത വന്നത് എന്ന് പൊലീസ് പരിശോധിക്കുന്നു. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.
എൻ എം വിജയന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പണമിടപാട് അർബൻ ബാങ്കിലെ നിയമന അഴിമതിയാണെന്ന് രേഖകൾ പുറത്തുവന്ന സാഹചര്യത്തിൽ അതിന്റെ സൂക്ഷമ പരിശോധനയും നടക്കുകയാണ്. ഇന്നലെ മകന്റെ നിയമനത്തിന് താൻ ഐ സി ബാലകൃഷ്ണൻ ഉൾപ്പെടുന്ന ഡി സി സി നേതൃത്വത്തിന് 17 ലക്ഷം നൽകിയെന്ന ഐസക്ക് താമരച്ചാലിൽ എന്ന കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ എം എൽ എ, ഐ സി ബാലകൃഷ്ണനേയും ഉടൻ ചോദ്യം ചെയ്തേക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ.എം വിജയനും 38 കാരനായ മകൻ ജിജേഷും വീടിനുള്ളില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബാഗങ്ങള്‍ അമ്പത്തലത്തില്‍ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യ ശ്രമം. മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുൻപ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു. ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് ആരോപണം.