കോഴിക്കോട് വടകരയിൽ കാരവനിൽ വിഷവാതകം ശ്വസിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ വാഹനത്തിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന തുടങ്ങി. കാരവാനിൻ്റെ ഉള്ളിൽ എങ്ങനെ കാർബൺ മോണോക്സൈഡ് എത്തി എന്നത് പരിശോധിക്കാനാണിത്. എൻ ഐ ടി, പൊലിസ്, ഫോറൻസിക്, സയൻറിഫിക്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് ഈ സംഘത്തിലുള്ളത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മലപ്പുരം സ്വദേശി മനോജ് കുമാറും കാസർകോട് സ്വദേശി ജോയലുമാണ് മരിച്ചത്. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം.കുന്നംകുളത്ത് നിന്ന് വിവാഹ സംഘത്തെ കണ്ണൂരിലെത്തിച്ച ശേഷം തിരിച്ചുവരികയായിരുന്ന ഇവർ കരിമ്പനപ്പാലത്ത് റോഡരികിൽ വണ്ടി നിർത്തി വിശ്രമിച്ചപ്പോഴാണ് ദുരന്തം സംഭവിച്ചത്. ജോയലിന്റെ മൃതദേഹം കിടക്കയിലും മനോജിന്റെത് വാതിലിനരികിലുമായിരുന്നു കണ്ടെത്തിയത്.