Business

‘ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്‌സ്‌പോ-2025’ ജനുവരി 7 മുതൽ 9 വരെ

ഇന്ത്യൻ ഫാഷൻ ഫെയറിന്റെ മൂന്നാം പതിപ്പായ ‘ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്‌സ്‌പോ-2025’ ജനുവരി 7 മുതൽ 9 വരെ അങ്കമാലിയിലെ അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കും. ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. എം.എൽ.എ റോജി എം.ജോണും ശീമാട്ടി ടെക്‌സ്റ്റൈൽസ് സി.ഇ.ഒ ബീന കണ്ണനും മുഖ്യാതിഥികളാകും.

മുൻനിര ദേശീയ അന്തർദേശീയ ബ്രാൻഡുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന, 200ലേറെ എക്‌സിബിഷൻ സ്റ്റാളുകളുള്ള എക്സ്പോയിൽ 5,000ലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ബ്ലോസം, മോംസ്‌കെയർ, പർ സ്വാം, ബാങ്ക്‌ടെഷ് എന്നിവയുടെ സഹകരണത്തോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ബി2ബി ഫാഷൻ ഇവൻ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

“ഒരു  എക്‌സ്‌പോ എന്നതിലുപരി കേരളത്തിലെ ഫാഷൻ രംഗത്ത് സ്വാധീനം ചെലുത്തുന്ന ഒന്നാണ് ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ -2025. രാജ്യത്തുടനീളമുള്ള പ്രമുഖ ബ്രാൻഡുകളെയും ഇൻഫ്ലുവേഴ്സിനെയും ആകർഷിക്കുന്ന ഐ.എഫ്.എഫ് തുടർച്ചയായി അതിന്റെ നിലവാരം ഉയർത്തുകയാണ്. “- ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ചെയർമാൻ സാദിഖ് പി.പി പറഞ്ഞു.

എക്‌സ്‌പോയുടെ ഭാഗമായി ജനുവരി 7ന് വൈകിട്ട് 4 മണിക്ക് വിവിധ ബ്രാൻഡുകൾ അണിനിരക്കുന്ന ഫാഷൻ ഷോ ഉണ്ടായിരിക്കും. പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഷിബു ശിവയുടെ നേതൃത്വത്തിൽ 20 ഓളം ടീമുകൾ റാംപിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ജനുവരി 8 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഐഎഫ്എഫ് അവാർഡ് നൈറ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 9 ന് സാംസ്കാരിക പരിപാടികളുണ്ടായിരിക്കും.

“സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ഫാഷനിൽ വിപുലമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎഫ്എഫ് റീട്ടെയിലർമാർക്കും ഫാഷൻ പ്രേമികൾക്കും ഒരുപോലെ ഒട്ടനവധി ബിസിനസ് അവസരങ്ങളും നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളും നൽകുന്നതിനോടൊപ്പം ഏറ്റവും പുതിയ ട്രെൻഡുകളുടെ ഒരു നേർക്കാഴ്ചയും ഒരുക്കുന്നു.” ഇന്ത്യൻ ഫാഷൻ ഫെയറിന്റെ  കൺവീനർ സമീർ മൂപ്പൻ പറഞ്ഞു.

എക്‌സ്‌പോയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാനായി എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ഫാഷൻ ഫെയറിന്റെ ഭാരവാഹികളായ സാദിഖ് പി.പി (ചെയർമാൻ), സമീർ മൂപ്പൻ (കൺവീനർ), ഷാനിർ ജെ (വൈസ് ചെയർമാൻ), ഷാനവാസ് പി.വി (ജോയിൻ്റ് കൺവീനർ), ഷഫീഖ് പി.വി (പ്രോഗ്രാം ഡയറക്ടർ) എന്നിവർ പങ്കെടുത്തു.