കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റ്,മിൽക്ക് ചോക്ലേറ്റ്, ബട്ടർ ചോക്ലേറ്റ്, ഡ്രൈ ഫ്രൂട്‌സ് ചോക്ലേറ്റ് അങ്ങനെ എണ്ണമറ്റ ചോക്ലേറ്റുകളാണ് വിപണിയിലുള്ളത്. എന്നാൽ കുട്ടികളിൽ ചോക്ലേറ്റ് ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ നിരവധിയാണ്. പരിമിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾക്ക് പൊതുവെ ഇത് ഇഷ്ടമല്ല. പകരം പഞ്ചസാര കൂടിയ മിൽക് ചോക്ലേറ്റാണ് നമുടെ കുട്ടികൾ കൂടുതലായി കഴിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല. മറ്റ് ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങളേക്കാൾ കുട്ടി ചോക്ലേറ്റാണ് കൂടുതൽ കഴിക്കുന്നതെങ്കിൽ, നിങ്ങൾ വിലക്കേണ്ട സമയം അതിക്രമിച്ചു. ചോക്ലേറ്റ് കുട്ടികളിലുണ്ടാക്കുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. കുട്ടികൾ ചോക്ലേറ്റിന് അടിമപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റ് ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങളും പോഷകാഹാരങ്ങളും കഴിക്കാൻ അവർ വിമുഖത കാണിക്കും. ഇത് അവരുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.
2. ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് മൂലം കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടത് ആരോഗ്യകരമല്ലാത്ത പൊണ്ണത്തടി.
3. ദീർഘകാലം അമിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഇൻസുലീന്റെ സംവേദന ക്ഷമതയെ ബാധിക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കും.
4. ചോക്ലേറ്റിൽ കാണപ്പെടുന്ന സംസ്കരിച്ച പഞ്ചസാര രക്തത്തിൽ പ്രവേശിക്കുന്നത് രക്തതതിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. ഇത് അഡ്രിനാലിന്റെ ഉത്പാദനം കൂട്ടുകയും കുട്ടികളെ അമിത പ്രസരിപ്പുള്ളവരാക്കി തീർക്കുകയും ചെയ്യും.
5. ഒരു ഔൺസ് മിൽക് ചോക്ലേറ്റിൽ 5 എംജി കഫീൻ അടങ്ങിയിട്ടുണ്ട്. കഫീന് മൂത്രോത്പാദനം ഉയർത്താനുള്ള കഴിവുള്ളതിനാൽ കൂടുതൽ ചോക്ലേറ്റ് കഴിക്കുന്ന കുട്ടികൾ ഇടയ്ക്കിടെ മൂത്രം ഒഴിക്കുന്നത് കൂടും.
ഇത്തരം പ്രശ്നങ്ങൾ എല്ലാം മനസിലാക്കി നേരത്തെ തന്നെ കുഞ്ഞുങ്ങളിലെ ചോക്ലേറ്റ് പ്രിയം കുറയ്ക്കുന്നതാണ് നല്ലത്.