Kerala

വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; ഗുരുതര പരുക്ക്

വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശിയായ പുതുവീട്ടിൽ 70 വയസുള്ള നബീസയുടെ ഇടതുകാലിലൂടെയാണ് ബസിൻ്റെ പിൻ ചക്രം കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് യാത്ര ചെയ്യാനായി രാവിലെ 8 മണിയോടെ ഒന്നാം കല്ലിൽ നിന്നും ബസിൽ കയറിയ നബീസ ബസ് കുന്നംകുളത്തേക്കല്ല പട്ടാമ്പിയിലേക്കാണെന്നും തനിക്ക് അബദ്ധം പിണഞ്ഞതാണെന്നും മനസിലാക്കി ബസിൽ നിന്നും ചാടിയിറങ്ങുകയായിരുന്നു.

ദൃതിയിൽ ബസിൽ നിന്നിറങ്ങിയ വയോധിക കാൽ മടങ്ങി വീഴുകയും ബസിൻ്റെ പിൻ ചക്രങ്ങൾ ഇടതുകാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വയോധികയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും ബസ് കസ്റ്റടിയിലെടുക്കുകയും ചെയ്തു.