Kerala

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കൗമാരക്കാർ ട്രെയിനിടിച്ച് മരിച്ചു

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച കൗമാരക്കാരായ മൂന്നു കുട്ടികൾ ട്രെയിൻ ഇടിച്ചു മരിച്ചു. ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. സംഭവമറിഞ്ഞ് പ്രദേശത്ത് നൂറു കണക്കിനാളുകൾ തടിച്ചുകൂടി. പ്രദേശത്താകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കുട്ടികളുടെ മരണം. മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽവേ സെക്ഷനിലാണ് അപകടമുണ്ടായത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ​​ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.