ദുബായ് നഗരത്തിൽ പ്ലാസ്റ്റിക് നിരോധനം വ്യാപിപ്പിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരവധി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇനി മുതൽ നഗരത്തിൽ വിൽക്കാൻ അനുവദിക്കില്ല. ടേബിൾ കവറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഈ നിരോധനം ബാധകമാണ്.
ദുബായ് അടക്കമുള്ള നഗരങ്ങൾ ആദ്യം നിരോധനം ഏർപ്പെടുത്തിയത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കാണ് നിരോധനം. കഴിഞ്ഞവർഷമാണ് ഈ നിരോധനം നിലവിൽ വന്നത്. 2025, 2026 വർഷങ്ങളിലായി നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ദുബായ് ശ്രമിക്കുന്നത്.
പ്ലാസ്റ്റിക് സ്ട്രോ, കപ്പുകൾ, ടേബിൾ കവർ, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ എന്നിവയ്ക്ക് ഈ നിരോധനം ബാധകമാണ്. ഇത്തരം സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർക്കും പിഴ ചുമത്തും. പേപ്പർ, പ്രകൃതിദത്ത ഉത്പന്നങ്ങൾ എന്നിവ പകരമായി ഉപയോഗിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
അടുത്തവർഷം മുതൽ പ്ലാസ്റ്റിക് നിരോധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഭക്ഷണം നൽകുന്ന പ്ലാസ്റ്റിക് ബൗൾ, പ്ലാസ്റ്റിക് കൊണ്ടുള്ള കത്തി, കട്ടിംഗ് ഉപകരണം എന്നിവയ്ക്കെല്ലാം അടുത്ത ജനുവരി മുതൽ നിരോധനം ബാധകമാകും. പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരോധനം വ്യാപിപ്പിക്കുന്നത്.