ഉച്ചയൂണിനൊപ്പം കഴിക്കാൻ തോരൻ വാഴക്കൂമ്പ് കൊണ്ട് ആയാലോ? കിടിലൻ സ്വാദാണ് ഇതിന്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകൾ
- ചെറുതായി കൊത്തി അരിഞ്ഞ വാഴക്കൂമ്പ് 1 എണ്ണം
- തേങ്ങാ ചിരകിയത് 1 /2 കപ്പ്
- പച്ചമുളക് അരിഞ്ഞത് 5
- ഉണക്ക മുളക് 2
- കറിവേപ്പില 1 തണ്ട്
- കടുക് 1 ടീസ്പൂൺ
- ഉഴുന്നുപരിപ്പ് 1 ടീസ്പൂൺ
- മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
- കായം 1/4 ടീസ്പൂൺ
- ഉപ്പു രുചിയ്ക്ക് അനുസരിച്ചത്
- എണ്ണ 1 ടേബിൾ സ്പൂൺ
- വെള്ളം 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം അരിഞ്ഞ വാഴക്കൂമ്പിൽ ഉപ്പും തേങ്ങയും ചേർത്ത് 30 മിനിറ്റ് വയ്ക്കണം. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഉഴുന്നിടണം. സ്വർണ തവിട്ടുനിറം ആകുമ്പോൾ കടുകും കറിവേപ്പിലയും ഇതിലേക്ക് ചേർക്കുക. കടുകു പൊട്ടാൻ തുടങ്ങിയാൽ വാഴക്കൂമ്പ് ചേർത്ത് നന്നായി ഇളക്കുക. പച്ചമുളകും ഉണങ്ങിയ ചുവന്ന മുളകും ചേർത്ത് ഇളക്കുക. 1/4 കപ്പ് വെള്ളം ഒഴിച്ച് 6 -8 മിനിറ്റ് മൂടി വച്ച് വേവിക്കുക. ശേഷം കായം ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം വിളമ്പി ചോറിനൊപ്പം കഴിക്കാം.