ആറു ശതമാനം സ്വദേശി വൽക്കരണം നടപ്പാക്കൻ യുഎഇ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു. ഇതോടെ സ്വകാര്യ സ്ഥാപനങ്ങളിൽ റെയ്ഡ് ശക്തമാക്കും. ഈ വർഷം അവസാനത്തോടെ എട്ടു – ശതമാനം സ്വദേശി വൽക്കരണം പൂർത്തിയാക്കണമെന്നാണ് യുഎഇ-യുടെ നിർദേശം.
അൻപതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഡിസംബർ 31നുള്ളിൽ ആറു ശതമാനം സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് തൊണ്ണൂറ്റി ആറായിരം ദിർഹമാണ് പിഴ ലഭിക്കുക. 2026 അവസാനമാകുമ്പോഴേക്കും സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശികളെ നിമിക്കണമെന്നാണ് യുഎഇ മാനവശേഷി- സ്വദേശി വൽക്കരണ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതനുസരിച്ച് ഓരോ വർഷവും 2 ശതമാനം വീതം സ്വദേശികളെയാണ് നിയമിക്കേണ്ടത്. മാത്രമല്ല തെരഞ്ഞെടുത്ത ചിലമേഖലകളിലെ സ്ഥാപനങ്ങളിൽ 20 മുതൽ 49 വരെ ജീവനക്കാരാണെങ്കിലും സ്വദേശി വത്ക്കരണം നടപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.
വാർത്താവിനിമയം, ധനകാര്യം, റിയൽ എസ്റ്റേറ്റ്, ശാസ്ത്ര – സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സർക്കാർ സേവന മേഖല, ആരോഗ്യം, കല-വിനോദം, മൈനിംഗ്, മാനുഫാക്‌ച്വറിംഗ്, കെട്ടിട നിർമാണം, ചെറുകിട- മൊത്തവ്യാപാരം, ഗതാഗതം, ഹോസ്പിറ്റാലിറ്റി തുടങ്ങി 14 മേഖലകൾക്കാണ് ഈ നിർദ്ദേശം ബാധകം. ഇത്തരം സ്ഥാപനങ്ങളിൽ ഡിസംബർ 31ന് മുമ്പ് ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടിരുന്നത്.