ഇന്ത്യകാർക്ക് പൊതുമാപ്പ് സേവനം ലഭ്യമാക്കിയതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. പതിനയ്യായിരത്തോളം ഇന്ത്യകാർക്കാണ് സേവനം ലഭ്യമാക്കിയത്. ഇതോടൊപ്പം രണ്ടായിരത്തിലധികം പേർക്ക് പുതിയ പാസ്പോർട്ടും നൽകി. പൊതുമാപ്പുമായി ബന്ധപ്പെട്ട സഹായത്തിനും പിന്തുണയ്ക്കും യുഎഇ അധികാരികൾക്ക് ഇന്ത്യൻ കോൺസുലേറ്റ് നന്ദി അറിയിച്ചു.
ഇന്ത്യൻ കോൺസുലേറ്റ് പുറത്തു വിട്ടിരിക്കുന്നത് നാലു മാസത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും വിവരങ്ങളാണ്. വിസാ- താമസ രേഖകളിലെ അപാകതകളുമായി 15,000ത്തോളം പേരാണ് കോൺസുലേറ്റിനെ സമീപിച്ചത്. കോൺസുലേറ്റിലേയും അൽ അവീറിലേയും കേന്ദ്രങ്ങളിലായി ഇവർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കി.
നിയമ വിരുദ്ധമായി കഴിഞ്ഞിരുന്ന 3,700 ഇന്ത്യക്കാർ യുഎഇ വിടാൻ ആഗ്രഹിക്കുകയും ഇവർക്ക് എക്‌സിറ്റ് പെർമിറ്റ് നൽകുകയും ചെയ്തതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതോടൊപ്പം 2,117 പേർക്കാണ് പുതിയ പാസ്പോർട്ടുകൾ അനുവദിച്ചിരിക്കുന്നത്. 3,589 എമർജൻസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. മറ്റ് നിരവധി പേർക്കും ഇക്കാലയളവിൽ സേവനം ലഭ്യമാക്കിയതായി കോൺസുലേറ്റ് അറിയിച്ചു. – പൊതുമാപ്പ് പ്രഖ്യാപിക്കുകയും ഇത് വിജയകരമായി പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തതിന് ഇന്ത്യൻ കോൺസുലേറ്റ് നന്ദി അറിയിച്ചു. എല്ലാ പിന്തുണയും നൽകിയ യുഎഇ അധികാരികൾക്കും എമിഗ്രേഷൻ മേധാവികൾക്കുമാണ് ഇന്ത്യൻ കോൺസുലേറ്റ് നന്ദി രേഖപ്പെടുത്തിയത്. സെപ്തംബർ, ഓക്ടോബർ മാസങ്ങളിലാണ് ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. പിന്നീട് രണ്ടു മാസത്തേക്ക് കൂടി നീട്ടിയിരുന്നു.