പേശീഘടന മനസ്സിലാക്കി കായികതാരങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനം തെരഞ്ഞെടുക്കുന്നതിനായുള്ള പേശീഘടനാ പഠനത്തിനായുള്ള ചെലവു കുറഞ്ഞതും വേഗത്തില്‍ ചെയ്യാവുന്നതുമായ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പാലക്കാട് എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജിലെ ഗവേഷകര്‍ക്ക് പുതുവര്‍ഷത്തില്‍ പേറ്റന്റ്. കോളേജിലെ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള്‍ എഞ്ചിനീയറിംഗ് വകുപ്പ് പ്രൊഫസര്‍ ജി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിന് ഐ.ഐ.ടി മദ്രാസിലെ പ്രൊഫസര്‍ എസ് രാമകൃഷ്ണന്റെ പിന്തുണ നല്‍കി.
ഇവര്‍ രണ്ടുപേര്‍ക്കും പുറമെ ഗവേഷണ വിദ്യാര്‍ത്ഥികളായ രമ്യആര്‍ നായര്‍, ദിവ്യ ശശിധരന്‍ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്. ശരീരത്തില്‍ മുറിവുണ്ടാക്കി ശേഖരിക്കുന്ന പേശീഭാഗം ബയോപ്‌സിക്കയച്ച്, പേശീഘടന മനസിലാക്കുന്ന രീതിയാണ് നിലവില്‍ അവലംബിക്കുന്ന മാര്‍ഗ്ഗം. ചെലവേറിയതും അതേസമയം കാലതാമസമെടുക്കുന്നതുമാണ് ഈ രീതി. അതുകൊണ്ടുതന്നെ അത്തരം ശാസ്ത്രീയ രീതികള്‍ പൊതുവെ ആരും സ്വീകരിക്കാറില്ല. ഇതില്‍ നിന്നും വളരെ വ്യത്യസ്തമായി തൊലിപുറത്ത്‌നിന്ന് ലഭിക്കുന്ന ഇലക്ട്രിക്ക് സിഗ്‌നലുകളുടെ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തില്‍ പേശീഘടന മനസിലാക്കാന്‍ സാധിക്കുന്നതാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്ന സാങ്കേതിക വിദ്യ.
ചെലവ് കുറഞ്ഞ ഈ രീതിയില്‍ അതിവേഗം ഫലമറിയാനും സാധിക്കും. കായികമത്സരാര്‍ത്ഥികളെ അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് യോഗ്യരാക്കി മാറ്റാന്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. പേശീസംബന്ധമായ വൈദ്യപഠനങ്ങള്‍ക്കും ചികിത്സകള്‍ക്കും സഹായകരമാകുന്ന വിവരങ്ങള്‍ ലഭ്യമാക്കാനും ഈ നൂതന മാര്‍ഗ്ഗത്തിനാവും. ‘കായികതാരങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ മസില്‍ ഫൈബര്‍ ടൈപ്പോളജി വിലയിരുത്തി കഴിവുകള്‍ തിരിച്ചറിയുന്നതിനും പരിശീലനരീതി വികസിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ കായിക പരിശീലകരെ സഹായിക്കും,’ പ്രൊഫ. വേണുഗോപാല്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് സയന്‍സ്, ഫിസിയോതെറാപ്പി, കായിക പരിശീലന രീതികള്‍ എന്നീ മേഖലകളില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഡി രോഗങ്ങളെത്തുടര്‍ന്നുണ്ടാകുന്ന മസില്‍ ഫൈബര്‍ വ്യത്യാസങ്ങള്‍ തിരിച്ചറിയുന്നതിന് ക്ലിനിക്കല്‍ ശാസ്ത്രങ്ങളില്‍ ഈ സാങ്കേതികവിദ്യ സ്വീകരിക്കപ്പെടാന്‍ സാധ്യതയുണ്ട്.
CONTENT HIGH LIGHTS; A method to select sports by understanding muscle structure: Patent for research at NSS College of Engineering