India

രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ്; നൂറിലധികം വിമാനങ്ങള്‍ വൈകി

ദില്ലിയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നൂറിലധികം വിമാനങ്ങള്‍ വൈകി. രാവിലെ എട്ടുമണിക്ക്, ദില്ലിയിലെ പലം വിമാനത്താവളത്തില്‍ കാഴ്ച മുഴുവന്‍ മൂടിയ നിലയിലായിരുന്നത്. സഫ്ദാര്‍ജംഗ് വിമാനത്താവളത്തില്‍ അമ്പത് മീറ്റര്‍ മാത്രമേ ദൃശ്യമാകുന്നുണ്ടായിരുന്നുള്ളു. ഈ രണ്ട് വിമാനത്താവളങ്ങളും വാണിജ്യ വിമാനയാത്രയ്ക്ക് ഉപയോഗിക്കുന്നില്ല. സിപിസിബി പ്രകാരം ലോദി റോഡ് സ്റ്റേഷനിലെ വായു ഗുണനിലവാരം 309ആണ്. ഇത് വളരെ മോശമായ വായുവായിട്ടാണ് കണക്കാക്കുന്നത്. സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, എയര്‍ഇന്ത്യ എന്നിവയുടെ ഫ്ളൈറ്റുകളെയെല്ലാം ബാധിച്ചിരിക്കുകയാണ്. ദില്ലി വിമാനത്താവളത്തില്‍ വിമാനങ്ങളെത്താന്‍ ഏകദേശം ആറുമിനിറ്റോളവും പുറപ്പെടാന്‍ 47 മിനിറ്റോളവും വൈകുമെന്നാണ് ഫ്ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നു. 24 ഓളം ട്രെയിന്‍ യാത്രകളാണ് മൂടല്‍മഞ്ഞ് മൂലം ബാധിക്കപ്പെട്ടത്. അയോധ്യ എക്സ്പ്രസ് നാലു മണിക്കൂര്‍ വൈകിയപ്പോള്‍ ഗോരഖ്ദാം എക്സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി. ബിഹാര്‍ ക്രാന്തി എക്സ്പ്രസ്, ശ്രാം ശക്തി എക്സ്പ്രസ് എന്നിവയും മൂന്നു മണിക്കൂറോളം വൈകി.

കനത്ത മൂടല്‍മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യയില്‍. മൂടല്‍മഞ്ഞ് മുന്നിലെ കാഴ്ചകള്‍ മറയ്ക്കുന്നതിനൊപ്പം താപനില വളരെ താഴ്ന്നതോടെ ട്രെയിന്‍ – വിമാന യാത്രകളും അവതാളത്തിലായി. ഐഎംഡി പുറത്ത്വിട്ട കഴിഞ്ഞ 24 മണിക്കൂറിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ദില്ലിയില്‍ ഇതുവരെ ഉയര്‍ന്ന താപനില 16 ഡിഗ്രി സെല്‍ഷ്യസാണ്. സാധാരണ ഗതിയില്‍ നിന്നും മൂന്നു ഡിഗ്രിയോളം കുറവാണിത്. ഏറ്റവും കുറഞ്ഞ താപനില ഇതുവരെ രേഖപ്പെടുത്തിയത് 7.6 ഡിഗ്രി സെല്‍ഷ്യസാണ്. ജനുവരി എട്ടുവരെ കനത്ത മൂടല്‍മഞ്ഞായിരിക്കും ദില്ലിയില്‍ അനുഭവപ്പെടുക. ജനുവരി ആറിനോട് അടുത്ത ചെറിയ മഴയും ഉണ്ടായേക്കാം. വെള്ളിയാഴ്ച രാവിലെ ദില്ലിയിലെ താപനില 9.6 ഡിഗ്രി സെല്‍ഷ്യസാണ്. ദേശീയതലസ്ഥാനത്തെ അടുപ്പിച്ച് ഉള്ള അഞ്ചാമത്ത തണുത്ത ദിനമാണ് വെള്ളിയാഴ്ച.