റഷ്യയിൽ അഭയംപ്രാപിച്ച സിറിയയുടെ മുൻ പ്രസിഡൻ്റ് ബാഷര്‍ അല്‍ അസദിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമമെന്ന് റിപ്പോർട്ട്. റഷ്യയിലെ ഒരു മുൻ ചാരൻ്റെ എക്സ് അക്കൌണ്ടിലാണ് ഈ വിവരം പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നുവെന്നും കുറിപ്പിലുണ്ട്. ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയും ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ മോസ്‌കോയിലെ അപാര്‍ട്‌മെന്റില്‍ ചികിത്സയിലാണ് അസദ്. ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും എക്‌സിലെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് റഷ്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
വിമതര്‍ സിറിയ പിടിച്ചടക്കിയതോടെ ഡിസംബര്‍ എട്ടിനാണ് അസദ് റഷ്യയില്‍ അഭയം പ്രാപിച്ചത്. ഇതിന് പിന്നാലെ അസദിന് രാഷ്ട്രീയാഭയം നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്.