ട്രെയിനില്‍ യാത്ര ചെയ്ത് ഡല്‍ഹിയില്‍ എത്തിയ പ്രവാസി ഇന്ത്യാക്കാരനില്‍ നിന്നും ലഗേജ് ചാര്‍ജ് 10,000 രൂപ ഈടാക്കിയ പോര്‍ട്ടര്‍ക്ക് എതിരെ നടപടി എടുത്ത് റെയില്‍വേ. വീല്‍ചെയര്‍ സഹായത്തിനും, കുടുംബത്തിന്റെ ലഗേജ് കൊണ്ടുപോകുന്നതിനും 10,000 രൂപ ഈടാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ ഒരു പോര്‍ട്ടറുടെ ലൈസന്‍സ് റദ്ദാക്കി. സ്റ്റേഷനുകളില്‍ സൗജന്യ വീല്‍ചെയര്‍ സേവനം ലഭിക്കുന്ന വിവരം അറിഞ്ഞ് മകള്‍ റെയില്‍വേയില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഗുജറാത്ത് സ്വദേശിയും ലണ്ടനില്‍ താമസിക്കുന്ന പായല്‍ എന്ന എന്‍ആര്‍ഐ ഡിസംബര്‍ 21 ന് ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ലഗേജ് കൊണ്ടുപോകാനും വീല്‍ചെയറില്‍ കഴിയുന്ന അച്ഛനെ സഹായിക്കാനും അവള്‍ ഒരു പോര്‍ട്ടറെ ബുക്ക് ചെയ്തു. പോര്‍ട്ടര്‍ തന്റെ സേവനത്തിന്, 10,000 ആവശ്യപ്പെട്ടുവെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. തുടര്‍ന്ന് കുടുംബം ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോയി , പര്യടനത്തിനിടെ, പ്രീപെയ്ഡ് ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ സെക്രട്ടറി അനില്‍ ശര്‍മ്മയോട് ചാര്‍ജിനെക്കുറിച്ച് പയല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അപ്പോഴാണ് റെയില്‍വേ സ്റ്റേഷനുകളില്‍ വീല്‍ചെയര്‍ സഹായം സൗജന്യമാണെന്ന് അവള്‍ അറിഞ്ഞത്. കൂടാതെ, പോര്‍ട്ടര്‍മാര്‍ക്ക് അവരുടെ സേവനങ്ങള്‍ക്ക് അമിതമായ തുക ഈടാക്കാന്‍ അനുവാദമില്ലെന്നും അറിഞ്ഞു. തുടര്‍ന്ന് ആഗ്ര കാന്റ് സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസിനെ (ജിആര്‍പി) അവള്‍ സമീപിച്ചു. ജിആര്‍പി ഡല്‍ഹിയിലെ തങ്ങളുടെ സഹപ്രവര്‍ത്തകനുമായി ഏകോപിപ്പിച്ച് അന്വേഷണം ആരംഭിച്ചു. അധികൃതര്‍ ചുമട്ടുതൊഴിലാളിയെ തിരിച്ചറിയുകയും കുടുംബത്തിന് 9,000 രൂപ തിരികെ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ് പോളിസി’യാണ് സംഘടനയ്ക്കുള്ളതെന്നും റെയില്‍വേ വ്യക്തമാക്കി.
ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി വീല്‍ചെയര്‍ സേവനം നല്‍കുന്നുണ്ടോ?
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ‘ആദ്യം വരുന്നവര്‍ക്ക് ആദ്യം ബുക്കിംഗ് വൗച്ചറിനൊപ്പം ലഭ്യതയെ ആശ്രയിച്ച് വീല്‍ചെയര്‍ സൗജന്യമായി നല്‍കുന്നു. എന്നിരുന്നാലും, യാത്രക്കാരന്‍/അറ്റന്‍ഡര്‍ സര്‍ക്കാര്‍ നല്‍കിയ സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം 500 രൂപ പണമായി നിക്ഷേപിക്കേണ്ടതുണ്ട് .വീല്‍ചെയര്‍ തിരികെ നല്‍കുമ്പോള്‍ ഡെപ്പോസിറ്റ് മടക്കികൊടുക്കും.