നിരത്തുകളിൽ പൾസറുകൾ തീർത്ത ഓളം മറ്റൊന്നിനെ കൊണ്ടും ഇതുവരെ തീർക്കാൻ സാധിച്ചിട്ടില്ല. 150 സിസി മുതൽ 220 സിസി വരെയുള്ള വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബൈക്കുകളായിരുന്നു ഇവ. എന്നാൽ നാടോടുമ്പോൾ നടുവെ ഓടണം എന്നാണല്ലോ പഴമക്കാർ പറയുന്നത്. പക്ഷേ അത് പൾസറിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ പഴയ പ്രതാപമെല്ലാം ഇല്ലാണ്ടായി. പക്ഷേ ന്യൂജനറേഷനെ കയ്യിലെടുക്കാൻ പണികഴിപ്പിച്ച എൻ എസ് 200 പോലുള്ള മോഡലുകൾ എപ്പോഴും വിറ്റഴിക്കുന്നുണ്ട്. അതിലൊന്നും തൃപ്തി അടയാതിരുന്ന ബജാജ് പിന്നീട് 2021ൽ 250സിസി എഞ്ചിനുമായി രണ്ടു പൾസർ ബൈക്കുകളെ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി
പൾസറുകളും പുതുതലമുറയിലേക്ക് ചേക്കാറാൻ തുടങ്ങിയത് 250 സീരീസിലൂടെയായിരുന്നുവെന്ന് വേണം പറയാൻ. N250, F250 എന്നിങ്ങനെ രണ്ട് തട്ടുപൊളിപ്പൻ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചാണ് കമ്പനി ഞെട്ടിക്കാനെത്തിയത്. N250 നേക്കഡ് ശൈലി പിടിച്ചപ്പോൾ F250 സെമി ഫെയർഡ് സ്റ്റൈലുമായാണ് നിരത്തുകളിലേക്ക് ഓടിയിറങ്ങിയത്. പക്ഷേ ഇതിൽ ഒന്ന് വിപണിയിൽ മോശമാക്കാതെ വിൽപ്പന പിടിച്ചപ്പോൾ രണ്ടാമത്തവനെ വാങ്ങാൻ ആളുകളൊന്നും കാര്യമായി എത്താതെ പോയി.
ഇതിന്റെ പേരിൽ 250 സിസി നിരയിലെ ഇരട്ടകളിൽ ഒരുവനെ വെട്ടിയിരിക്കുകയാണ് ബജാജ്. പുതുവർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിൽപ്പനയില്ലാത്ത പൾസർ F250 സെമി ഫെയർഡ് സ്പോർട് മോട്ടോർസൈക്കിളിന്റെ വിൽപ്പന എന്നന്നേക്കുമായി അവസാനിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി മോഡലിനെ ബജാജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്.
പൾസർ F250-യുടെ വിൽപ്പന അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി ബജാജ് (Bajaj) സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വെബ്സൈറ്റിൽ നിന്നും ഒഴിവാക്കിയത് നിർത്തലാക്കിയതിന്റെ സൂചനയാണ് നൽകുന്നത്. 2021 അവസാനത്തോടെ നിരത്തിലെത്തിയ മോഡൽ വാങ്ങാൻ കൂടുതൽ ആളുകൾ എത്താതിരുന്നത് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരുചക്ര വാഹന നിർമാതാക്കളെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയായിരുന്നുവെന്ന് വേണം പറയാൻ.
F250 പുറത്തിറക്കുന്നതോടെ പ്രശസ്തമായ പൾസർ 220F പതിപ്പിന്റെ വിൽപ്പന കുറയുമെന്നും ഉപഭോക്താക്കൾ കൂടുതൽ ആധുനികവും പ്രീമിയം F250 തിരഞ്ഞെടുക്കുമെന്നും ആയിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാൽ ക്വാർട്ടർ ലിറ്റർ സ്പോർട് ബൈക്കിനേക്കാൾ കൂടുതൽ വിൽപ്പന 220 നേടുന്ന സാഹചര്യമാണ് വിപണിയിലുണ്ടായിരുന്നത്. പദ്ധതികൾ പാളിപ്പോയെങ്കിലും ഇതിന്റെ നേക്കഡ് മോഡലായ N250 മോശമാക്കാതെ വിൽപ്പന തുടരുന്നുണ്ട്.
പുതിയൊരു ട്യൂബുലാർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് ബജാജ് ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾ പണികഴിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ പുതുതലമുറ എഞ്ചിനും ആധുനിക സവിശേഷതകളും കോർത്തിണക്കിയാണ് പൾസർ F250 കളത്തിലേക്കിറങ്ങിയിരുന്നത്. 249.07 സിസി സിംഗിൾ സിലിണ്ടർ ഫോർ-സ്ട്രോക്ക് SOHC ടൂ-വാൽവ് ഓയിൽ-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിനായിരുന്നു ബൈക്കിന്റെ ഹൃദയം.
സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായി ജോടിയാക്കിയ 250 സിസി എഞ്ചിന് 8,750 ആർപിഎമ്മിൽ 24.5 bhp കരുത്തും 6,500 ആർപിഎമ്മിൽ പരമാവധി 21.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. അഗ്രസീവ് ഹെഡ്‌ലാമ്പ് യൂണിറ്റ്, സ്പിയർ ടേൺ സിഗ്നലുകൾ, വലിയ വിൻഡ്‌സ്‌ക്രീൻ, വൈഡ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, സെമി ഫെയർഡ് സ്റ്റൈലിംഗ് എന്നിവയാണ് പൾസർ F250 പതിപ്പിനെ അഴകാക്കിയത്.
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പൾസർ F250 സ്പോർട്സ് ബൈക്കിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ 37 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും നൈട്രോക്‌സ് മോണോഷോക്ക് റിയർ സസ്‌പെൻഷനുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ ചാനൽ എബിഎസ് സംവിധാനമുള്ള 300 mm ഫ്രണ്ട് ഡിസ്‌കും 230 mm റിയർ ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്തിരുന്നത്.