യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെയാണ് പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചത്. കടന്നുപിടിക്കുന്നതിനിടയിൽ നിലത്തുവീണ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ മേനംകുളം കൽപ്പന കോളനിയിൽ പുതുവൽ പുത്തൻവീട്ടിൽ മാനുവൽ (41) ആണ് അറസ്റ്റിലായത്. കഠിനം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
രണ്ടുദിവസം മുമ്പായിരുന്നു സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ പോയ പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കുതറി ഓടിയ യുവതി താഴേക്ക് വീണ് കൈക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാര്യം തിരക്കിയപ്പോൾ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വന്നതാണെന്ന് മാനുവൽ പറഞ്ഞ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
തുടർന്നായിരുന്നു യുവതി കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . ടെക്നോപാർക്കിലെ പൂന്തോട്ടത്തിലെ തൊഴിലാളിയാണ് അറസ്റ്റിലായ മാനുവൽ. ടെക്നോപാർക്കിൽ വെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.