Science

ധ്രുവങ്ങള്‍ മാറിമറയും; ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ബലക്ഷയം | south-atlantic-anomaly-earth-magnetic-field

ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ പരസ്പരം സ്ഥാനം മാറുന്ന രീതിയുണ്ട്

ഭൂമിയുടെ കാന്തിക മണ്ഡല ബലക്ഷയം കാരണം ഭൗമോപരിതലത്തിലേക്ക് ഹാനികരമായ റേഡിയഷന്‍ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. കാന്തിക മണ്ഡലത്തില്‍, ദുര്‍ബലമായ ഒരു മേഖല തിരിച്ചറിഞ്ഞതിനാലാണ് ഈ അപകടസൂചന നല്‍കല്‍. ഈ പ്രദേശമാണ് സൗത് അറ്റ്‌ലാന്റിക് അനൊമലി (എസ്എഎ) എന്ന് അറിയപ്പെടുന്നത്. ഇതിന് 4.3 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലേറെയൊണ് വിസ്തീർണം. ആഫ്രിക്കയുടെയും സൗത് അമേരിക്കയുടെയും മേഖലകള്‍ കടന്ന വടക്കോട്ട് വ്യാപിക്കുകയാണ് ഈ പ്രശ്നമെന്ന് നാസ പറയുന്നു. ഇതാകട്ടെ ഭൂമിയുടെ ധ്രുവം മാറ്റത്തിന് ഒരുങ്ങുന്നതിന്റെ സൂചനയുമാകാം. സാറ്റലൈറ്റുകളെ ആശ്രയിച്ചുള്ള നീക്കങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നമായി തീരാനിടയുള്ള ഒന്നാണ് എസ്എഎ. എസ്എഎ ‘വിള്ളല്‍’ വഴി സൂര്യനില്‍ നിന്നുള്ള ഹാനികരമായ വികിരണ കണങ്ങള്‍ ഭൗമമണ്ഡലത്തിലേക്ക് കടന്നെത്താമെന്നാണ് നാസ പറയുന്നത്.

കിരണങ്ങള്‍ കടന്നു പോകുന്നത് ഓണ്‍-ബോഡ് കംപ്യൂട്ടറുകളെയും (ഓബിസി), ഡേറ്റാശേഖരണ സാറ്റലൈറ്റുകളെയും തകര്‍ത്തു കളഞ്ഞേക്കാം. എസ്എഎയെക്കുറിച്ചുള്ള മുന്നറിയിപ് ആദ്യം നല്‍കിയത് 2020ല്‍ ആയിരുന്നു. അതിനു ശേഷം എസ്എഎ 7 ശതമാനം കൂടെ വ്യാപിച്ചു എന്നും, പ്രശ്‌ന ബാധിത മേഖല വടക്കോട്ട് 12 കിലോമീറ്റര്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു എന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാന്തിക മണ്ഡല ശോഷണം ഇപ്പോള്‍ പോലും അനുവദനീയമായ അളവില്‍ തന്നെയാണ് നടക്കുന്നത്. എന്നാല്‍, സമീപകാല പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് പ്രകാരം എസ്എഎ മേഖല രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി പിളരാന്‍ പോകുന്നു എന്നു പറയുന്നു. ഇവിടെ രണ്ടിടത്തും കാന്തിക മണ്ഡലത്തിന് ചെറിയ പ്രഭാവം മാത്രമെ ചെലുത്താന്‍ സാധിക്കൂ എന്നും പറയുന്നു. എസ്എഎ വിഭജന മാറ്റം 2025 ലും തുടരുമെന്നാണ് നാസാ ഗവേഷകര്‍ അഭിപ്പായപ്പെടുന്നത്. ഇത് ഡേറ്റാ ശേഖരണ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനത്തിന് അധിക വെല്ലുവിളി ഉയര്‍ത്തിയേക്കാം.

കാന്തിക മണ്ഡല ബലക്ഷയം ധ്രുവ മാറ്റത്തിന്റെ മുന്നോടിയാകാമെന്ന് ചില ഗവേഷകര്‍ സംശയിക്കുന്നു. ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ പരസ്പരം സ്ഥാനം മാറുന്ന രീതിയുണ്ട്. ഇത് അവസാനം നടന്നത് ഏകദേശം 780,000 വര്‍ഷം മുമ്പാണെന്നും അനുമാനിക്കപ്പെടുന്നു. ഇനിയിപ്പോള്‍ അങ്ങനെയാണെങ്കില്‍ പോലും അതിന് നിരവധി ആയിരം വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാമെന്നും ഗവേഷകര്‍ കരുതുന്നു.അത് അങ്ങനെ സംഭവിച്ചാല്‍ പോലും ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്ന കാന്തിക മണ്ഡല ബലക്ഷയം പൂര്‍ണ്ണമായി ഒഴിവായി പോകണമെന്നില്ലെന്നും അവര്‍ പറയുന്നു. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 40,000 മൈല്‍ മുകളിലാണ് കാന്തിക മണ്ഡലം. ഭൂമിക്കു വെളിയിലുള്ള പല മേഖലകളും ഇപ്പോള്‍ തിരിച്ചറിയപ്പെട്ട കാന്തിക മണ്ഡല ബലക്ഷയത്തിന് കാരണമാകുന്നുണ്ടെങ്കിലും, അതിന്റെ പ്രധാന കാരണം ഭൂമിക്ക് ഉള്ളില്‍ തന്നെയാണ് എന്ന് നാസയുടെ ഗോഡാര്‍ഡ് സ്‌പെയസ് ഫ്‌ളൈറ്റ് സെന്ററിലെ ജിയോഫിസിസിസ്റ്റ് ടെറി സബ്കാ പറഞ്ഞു. ഭൂമിയുടെ കേന്ദ്രത്തിന്റെ പുറം അടരില്‍ ഉരുകിയ ഇരുമ്പും, നിക്കലുമാണ് ഉള്ളത്. ഇത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 1800 മൈല്‍ അടിയിലാണ്.

ഈ രണ്ട് ലോഹങ്ങള്‍ ‌പ്രതിപ്രവർത്തിക്കുന്നത് ഒരു കൂറ്റന്‍ ജനറേറ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കുമോ അങ്ങനെയാണ്. ഇതിനെ ജിയോഡൈനാമോ (geodynamo) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവിടെ വൈദ്യുതിയും സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഈ ചലങ്ങള്‍ സ്ഥിരമായി ഒരേ രീതിയിലായിരിക്കില്ല. ഒരു കാലം കഴിയുമ്പോള്‍ അതിന് മാറ്റം വരുന്നു. അതിന്റെ ഫലമായി ഭൂമിയുടെ കാന്തിക മണ്ഡലവും ചഞ്ചലിക്കുന്നു. ഇതും, ഭൂമിയുടെ കാന്തിക അച്ചുതണ്ടിന്റെ ചനവും ആണ് എസ്എഎയ്ക്ക് കാരണമാകുന്നതെന്ന് നാസ പറയുന്നു. എന്നാല്‍, അതിനു പുറമെ, എസ്എഎയ്ക്ക് മറ്റൊരു കാരണവും ഉണ്ടായിരിക്കാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ആഫ്രിക്കന്‍ ലാര്‍ജ് ലോ ഷിയര്‍ വെലോസിറ്റി പ്രൊവിന്‍സ് (എല്‍എല്‍എസ്‌വിപി) എന്നറിയപ്പെടുന്ന, കനത്ത, നിബിഡമായ പാറ സംഭരണിയും ഇതിന് കാരണമായേക്കാമത്രെ. സൂര്യനില്‍ നിന്നുള്ള വികിരണ കണങ്ങളെ വികര്‍ഷിക്കുക വഴി കാന്തിക മണ്ഡലം ഭൂമിക്ക് മുകളില്‍ ഒരു കവചമെന്ന പോലെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, എസ്എഎ റേഡിയേഷന്‍ ഭൂമിയുടെ പ്രതലത്തിന് അടുത്തേക്ക് എത്താന്‍ കാരണമാകുന്നു. ആഫ്രിക്കന്‍ എല്‍എല്‍എസ്‌വിപി ആയിരിക്കാം ഉരുകിയ ലോഹങ്ങളുടെ (ഇരുമ്പും, നിക്കലും) ഒഴുക്കിന് മാറ്റം വരുത്തുന്നത്. ലോഹങ്ങളുടെ ഒഴുക്കിന്റെ ഗതി മാറുന്നതു മൂലമായിരിക്കാം എസ്എഎസ്എ സംഭവിക്കുന്നത് എന്നാണ് ഒരു അനുമാനം. ദി കോണ്‍വര്‍സേഷനില്‍ 2017ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി വിവരിക്കുന്നുണ്ട്.

എസ്എസ്എ എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പ്രത്യേകിച്ച് വിവരമൊന്നുമില്ലെങ്കിലും അതിന് മാറ്റം വരുന്നു എന്ന കാര്യത്തില്‍ സംശയവുമില്ല. ക്യൂബ്‌സാറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന കുഞ്ഞന്‍ സാറ്റലൈറ്റുകളാണ് എസ്എസ്എ ഒരിടത്ത് അല്ല നില്‍ക്കുന്നത് എന്ന കാര്യം കണ്ടെത്തിയത്. ഇവ അകന്ന് രണ്ടാകാനുള്ള പോക്കാണ് എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, മറ്റു ചില ഗവേഷകര്‍ അനുമാനിക്കുന്നത് ഇത് ഭൂമിയില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു കാര്യമാണ് എന്നാണ്. ഇത് അവസാനം സംഭവിച്ചത് ഏകദേശം 11 ദശലക്ഷം വര്‍ഷം മുമ്പായിരിക്കാമെന്നും അവര്‍ വിലയിരുത്തുന്നു. ഇതാണ് ശരിയെങ്കില്‍, കാന്തിക മണ്ഡലം ഇടംമാറുന്നതിനു കാരണം എസ്എഎ ആണ് എന്ന വാദം നിലനില്‍ക്കില്ലെന്നും പറയപ്പെടുന്നു. അതേസമയം, ഇങ്ങനെ കാന്തിക മണ്ഡലത്തില്‍ രൂപപ്പെട്ടു വരുന്ന ബലക്ഷയം ശാസ്ത്രജ്ഞരില്‍ ഒരേ സമയം ഉദ്വേഗവും ഉത്കണ്ഠയും വളര്‍ത്തുകയാണ്. നാസയുടെ സാറ്റലൈറ്റുകള്‍ക്കും ഓര്‍ബിറ്റല്‍ സ്‌പെയ്‌സ്‌ക്രാഫ്റ്റിനും അടക്കം കാര്യമായ തകരാറുണ്ടാക്കാന്‍ എസ്എസ്എക്ക് സാധിച്ചേക്കും. ഇതില്‍ ഇന്റര്‍നാഷണല്‍ സ്‌പെയസ് സ്റ്റേഷനും ഉള്‍പ്പെടും.

പ്രശ്‌നബാധിത ഇടങ്ങളിലൂടെ ഈ സാറ്റലൈറ്റുകളും, സ്‌പെയ്‌സ്‌ക്രാഫ്റ്റും കടന്നുപോകുമ്പോള്‍ അവയ്ക്ക് ഷോര്‍ട്-സര്‍ക്യൂട്ട് ഉണ്ടാകുകയോ, ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യാം. ഇതു സംഭവിക്കാതിരിക്കാനായി സാറ്റലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ എസ്എസ്എയിലേക്ക് കടക്കുന്നതിനു മുമ്പ് സാറ്റലൈറ്റുകളും സ്‌പെയ്‌സ്‌ക്രാഫ്റ്റുകളും ഷട്ഡൗണ്‍ ചെയ്യും. ജിയോഫിസിക്കല്‍ റീസേര്‍ച് ലെറ്റേഴ്‌സ് ജേണലില്‍ 2024ല്‍ പ്രസിദ്ധീകരിച്ച പഠനവും കാന്തിക മണ്ഡലത്തിന് കാര്യമായ വ്യതിയാനം ഉണ്ടായി എന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഇക്കാര്യം നഗ്നനേത്രങ്ങള്‍ക്കു പോലും കാണാവുന്നതാണെന്ന് ഇതിന്റെ രചയിതാക്കള്‍ ലൈവ് സയന്‍സിന് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ അവകാശപ്പെട്ടു.

STORY HIGHLIGHTS:   south-atlantic-anomaly-earth-magnetic-field