Travel

കൂറ്റന്‍ പാറക്കെട്ടിനിടയിലൂടെ ചരിഞ്ഞും ഇഴഞ്ഞുമുള്ള യാത്ര; അവിസ്‌മരണീയമായ യാത്രാനുഭവം! | idukki-ramakkalmedu-amappara-trekking

ആമയോട് സാദൃശ്യമുള്ള പാറയില്‍ നിന്നാണ് ആമപ്പാറ എന്ന പേര് ഈ മലനിരകള്‍ക്ക് ലഭ്യമായത്

സഹ്യന്‍റെ അവിസ്‌മരണീയ കാഴ്‌ചകള്‍ ആസ്വദിച്ചുള്ള യാത്ര സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മനോഹര നിമിഷങ്ങളാണ് സമ്മാനിക്കുക. വെറുമൊരു ട്രക്കിങ് മാത്രമല്ല, ആമപ്പാറയിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. മലമുകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്‌മയ കാഴ്‌ചകള്‍ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് സ്വന്തമാകുക.ആമയോട് സാദൃശ്യമുള്ള പാറയില്‍ നിന്നാണ് ആമപ്പാറ എന്ന പേര് ഈ മലനിരകള്‍ക്ക് ലഭ്യമായത്.

കൂറ്റന്‍ പാറകള്‍ക്കിടയിലൂടെ സാഹസികമായി സഞ്ചാരികള്‍ക്ക് മറുപുറം കടക്കാം. കാഴ്‌ചയില്‍ അതിഭീകരമാണെങ്കിലും പാറകെട്ടുകള്‍ക്കിടയിലൂടെ ഒരു വശം ചരിഞ്ഞും ഇഴഞ്ഞുമൊക്കെ നീങ്ങണമെങ്കിലും ഇവിടെ അപകട സാധ്യതകള്‍ കുറവാണ്. രാമക്കല്‍മേട്ടില്‍ നിന്ന് ഗ്രാമീണ പാതയിലൂടെ ജീപ്പിലാണ് സഞ്ചാരികള്‍ ഭൂരിഭാഗവും എത്തുക. കാറ്റിന്‍റെ കൂട്ട് പിടിച്ച് നടന്ന് മലകയറുന്നവരും നിരവധി. മലമുകളില്‍ എത്തിയാല്‍ തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലേയ്ക്ക് ട്രക്കിങ് നടത്താം. സഹ്യ പര്‍വത നിരയിലെ കാര്‍ഷിക സമൃദ്ധിയുടെ വിശാലമായ കാഴ്‌ച ഇവിടെ നിന്നും ആസ്വദിക്കാനാകും.

ഒപ്പം തമിഴ്‌നാടന്‍ കാര്‍ഷിക പെരുമയുടെ കാഴ്‌ചകളും രാമക്കല്ലും കാറ്റാടി പാടങ്ങളും സോളാര്‍ പാടവുമെല്ലാം ആസ്വദിക്കാം. കൂറ്റന്‍ ആമയുടെ ഒരു പ്രതിമയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആമപ്പാറയിലേയ്ക്കുള്ള ജീപ്പ് സഫാരിയും ട്രക്കിങും മാത്രമല്ല ഇവിടുത്തെ കാഴ്‌ചകള്‍. കാര്‍ഷിക പെരുമയ്‌ക്ക് കാവലായി മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന രാമക്കല്ല്, സദാസമയവും വീശിയടിക്കുന്ന കാറ്റിനെ ചെറുത്ത് നില്‍ക്കുന്ന കാറ്റാടികള്‍, തമിഴ്‌നാടന്‍ കാര്‍ഷിക കാഴ്‌ചകളിലേക്ക് നോക്കി നില്‍ക്കുന്ന കുറവന്‍ കുറത്തി പ്രതിമ, ഇങ്ങനെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്‌ചകള്‍ ഏറെയുണ്ട് രാമക്കല്‍മേട്ടില്‍.

STORY HIGHLIGHTS:  idukki-ramakkalmedu-amappara-trekking